കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പോലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്.
സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐആർ രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ട് അടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്.
ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയതെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ കേസെടുക്കാൻ എഡിജിപി മനോജ് ഏബ്രഹാം കൊച്ചി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.