ആറന്മുള: ചരിത്രവും പുരാവസ്തുവും ജീവനോപാധികളും പ്രളയം വിഴുങ്ങിയ ആറന്മുളയില് ഹെറിട്ടേജ് ട്രസ്റ്റ് ഒരുക്കുന്ന പൈതൃക മ്യൂസിയത്തിന്റെ ഭാഗമാകാന്‍ ഒരു നൂറ്റാണ്ടും മൂന്ന് പതിറ്റാണ്ടും പിന്നിട്ട ഉമയാറ്റുകര പഴയ പള്ളിയോടം. 138 ലധികം വര്‍ഷം പഴക്കമുള്ള ഉമയാറ്റുകര പള്ളിയോടങ്ങളുടെ മുത്തച്ഛനെന്നാണ് അറിയപ്പെടുന്നത്. 1879 ൽ പ്രശസ്ത പള്ളിയോട ശില്പി റാന്നി മുണ്ടപ്പുഴ നാരായണന് ആചാരിയാണ് ഉമയാറ്റുകര പള്ളിയോടം നിര്‍മിച്ചത്.
പള്ളിയോടത്തിന്റെ ശരിയായ മാതൃകയ്ക്ക് ഉദാഹരണമായി പള്ളിയോടപ്രേമികള് ചൂണ്ടിക്കാണിക്കുന്നത് ഉമയാറ്റുകരയുടെ പഴയ പള്ളിയോടമാണ്. ഇരട്ടമണിക്കാലിൽ പണിതിരിക്കുന്ന നിലവിലുള്ള ഒരേയൊരു പള്ളിയോടമാണ് പഴയ ഉമയാറ്റുകര പള്ളിയോടം. ചരിഞ്ഞ അമരവും അതിന്റെ മറ്റൊരു പ്രത്യേകതയാണ്. 1959, 2004, 2012 വർഷങ്ങളിൽ പുതുക്കി പണിത.
പള്ളിയോടത്തിന് പകരമായി ഇപ്പോള്‍ കരക്കാര് പുതിയ പള്ളിയോടം നിര്മ്മിച്ചതിനെതുടര്ന്നാണ് പഴയ പള്ളിയോടം മ്യൂസിയത്തിന്റെ ഭാഗമാക്കുന്നത്. 1972 ൽ നെഹ്റു ട്രോഫിയിൽ പള്ളിയോട വിഭാഗത്തിൽ ഉമയാറ്റുകര മികച്ച പ്രകനം കാഴ്ചവച്ചു. അക്കാലത്ത് പള്ളിയോടങ്ങള്‍ നെഹ്രുട്രോഫി ജലമേളയില്‍ പങ്കെടുത്തിരുന്നു.
ഉത്രട്ടാതി ജലമേളയില്‍ 1974ലും 1990ലും രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. 2011 ൽ കായംകുളത്തു നടന്ന ജലോത്സവത്തിൽ പള്ളിയോടങ്ങളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.41.25 കോല് നീളവും 66 അംഗുലം ഉടമയും 16 അടി അമരപൊക്കവുമുള്ള പഴയ പള്ളിയോടം ഉടമസ്ഥരായ ഉമയാറ്റുകര 2154-ാം നമ്പര്‍ എന്‍എസ്എസ് കരയോഗമാണ് മ്യൂസിയത്തിന് കൈമാറുന്നത്.
28 ന് ഉമയാറ്റുകരയില്‍ നടക്കുന്ന ചടങ്ങിൽ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ തിരുവതാംകൂർ രാജകുടുംബത്തിലെ റാണി ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി ആറന്മുള ഹെറിറ്റേജ് മ്യൂസിയത്തിനു കൈമാറും. ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പ്രത്യേകം പന്തലിട്ട് സംരക്ഷിക്കുന്ന പള്ളിയോടം പിന്നീട് മ്യൂസിയത്തിന്റെ ഭാഗമാക്കുമെന്ന് ഹെറിട്ടേജ് ട്രസ്റ്റിന്റെ ട്രസ്റ്റി അജയകുമാര്‍ വല്യുഴത്തില്‍ പറഞ്ഞു.
നിലവില്‍ ഭോപ്പാലിലെ മ്യൂസിയത്തിലും എറണാകുളത്തെ സ്വകാര്യ മ്യൂസിയത്തിലുമാണ് പള്ളിയോടങ്ങള്‍ അതേപടി സൂക്ഷിക്കുന്നത്.