കൊച്ചി: മലയാളത്തിന്റെ ഗസൽ ഗായകൻ ഉന്പായിയുടെ കബറടക്കം ഇന്ന്. ഉച്ചക്ക് 12.30ന് ഫോർട്ടുകൊച്ചി കൽവത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരിക്കെ ഇന്നലെ വൈകുന്നേരം 4.30 ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
തുടർന്ന് മൃതദേഹം ഇന്നലെ രാത്രി മട്ടാഞ്ചേരി കൂവപ്പാടം ശാന്തിനഗർ കോളനിയിലെ എംഐജി 12 ഉന്പായീസ് ഗാർഡൻ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ ഒന്പത് മുതൽ കൽവത്തി കമ്മ്യൂണിറ്റി ഹാളിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉന്പായിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സംഗീതസംവിധായകൻ എം.കെ.അർജുനൻ, കെ.ജെ.മാക്സി എംഎൽഎ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ തുടങ്ങിയവർ ഇന്ന് രാവിലെ അന്തിമോപചാരമർപ്പിച്ചു.
എംഎൽഎമാരായ ഹൈബി ഈഡൻ, അൻവർ സാദത്ത്, ജോണ് ഫെർണാണ്ടസ്, ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ്, മുൻമന്ത്രി കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, ബെന്നി ബെഹനാൻ, കെ.എസ്.രാധാകൃഷ്ണൻ, ഡോ.എം.ബീന, പി.രാജീവ്, എം.എം.ലോറൻസ്, നടൻ കലാഭവൻ ഹനീഫ് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചിരുന്നു.
മട്ടാഞ്ചേരിയിലെ നെല്ലുകടവ് പടിഞ്ഞാറേവീട്ടിൽ അബു-പാത്തുമ്മ ദന്പതികളുടെ മകനാണ് ഉന്പായി. ഭാര്യ: ഹഫ്സത്ത. മക്കൾ: ഷൈലജ, സബിത, ഷമീർ. മരുമക്കൾ: നിഷാദ്, നൗഫൽ.
നാട്ടിലും വിദേശത്തുമായി ഒട്ടേറെ വേദികളിൽ ഗസൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ള ഉന്പായി മലയാളത്തിലും ഹിന്ദിയിലും ഉറുദുവിലുമായി ഇരുപതോളം ഗസൽ ആൽബങ്ങൾക്കു സംഗീതം നൽകുകയും അവ ആലപിക്കുകയും ചെയ്തു. മട്ടാഞ്ചേരിയിലെ സംഗീത പാരന്പര്യത്തോടൊപ്പം വളർന്ന ഉന്പായി മെഹബൂബിന്റെ ഗസൽ വേദികളിൽ തബലിസ്റ്റായിട്ടായിരുന്നു തുടക്കം. അവിടെനിന്നു സംഗീതസംവിധായകനും ഗായകനുമായി വളർന്നു. ഉർദുവിലായിരുന്നു ആദ്യആൽബം. ആദ്യ മലയാളആൽബം ആദാബ് 1988ൽ പുറത്തിറങ്ങി.
പ്രണാമം, ഗസൽമാല, ഒരു മുഖം മാത്രം, അകലെ മൗനംപോൽ, മധുരമീ ഗാനം, ഹൃദയരാഗം, പാടുക സൈഗാൾ പാടൂ, നന്ദി പ്രിയസഖി നന്ദി, പിന്നെയും പാടുന്നു സൈഗാൾ, ഒരിക്കൽ നീ പറഞ്ഞു, പ്രിയേ പ്രണയനി, ഒറ്റയ്ക്കു നിന്നെയും നോക്കി തുടങ്ങിയ മലയാള ആൽബങ്ങളും സോജാ രാജകുമാരി, ഫിർ വൊഹി ശ്യാം, പ്യാർ കെ സപ്നെ എന്നീ ഹിന്ദി ആൽബങ്ങളും സംഗീതം നൽകി ആലപിച്ചു.
പാടുക സൈഗാൾ പാടൂ എന്ന ആൽബം ഉൾപ്പടെ മൂന്ന് ആൽബങ്ങൾക്ക് കവിത രചിച്ചത് ഒഎൻവിയാണ്. യൂസഫലി കേച്ചേരി രണ്ട് ആൽബങ്ങൾക്കും ഈസ്റ്റ് കോസ്റ്റ് വിജയൻ മൂന്ന് ആൽബങ്ങൾക്കും ഗാനങ്ങൾ രചിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോടായിരുന്നു അവസാന കച്ചേരി. രാഗം ഭൈരവി’ആണ് അദ്ദേഹത്തിന്റെ ആത്മകഥ. പൊന്നാനി ഗദ്ദിക അവാർഡ്, ഹാർമണി പുരസ്കാരം, ദൃശ്യ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.