കൊടുങ്ങല്ലൂർ: മുൻ എം എൽ എ യും എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡൻറുമായ ഉമേഷ് ചള്ളിയിൽ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റഅ പി.എസ് ശ്രീധരൻപിള്ളയിൽ നിന്നുമാണ് ഇന്നലെ എറണാകുളത്ത് വെച്ച ചടങ്ങിൽ അംഗത്വം സ്വീകരിച്ചത്.
കെ.ആർ ഗൗരിയമ്മയുടെ ജെ എസ്എസ് എന്ന രാഷ്ട്രീയ പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2001 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഉമേഷ് ചള്ളിയിൽ കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എം എൽ എ യും സിപിഐ നേതാവുമായിരുന്ന മീനാക്ഷാതന്പാനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ഗുരുദേവനാമത്തിൽ എംഎൽഎ യായി സത്യപ്രതിജ്ഞ ചെയ്തത് ഏറെ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു. 2006ലും 2011ലും ഉമേഷ് യുഡി എഫ് സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും വിജയിച്ചില്ല.
ജെഎസ്എസിലെ പിളർപ്പും ഭരണമില്ലാതായതോടു കൂടിയ പാർട്ടിയുടെ ശോഷിപ്പും മൂലം പ്രവർത്തനങ്ങളിൽ നിന്നും മാറി നിന്ന അദ്ദേഹം പിന്നീട് സിപി ഐയിൽ ചേരുകയായിരുന്നു.എന്നാൽ സിപിഐയിൽ നിന്ന് കാര്യമായ പരിഗണന കിട്ടാതായതോടെ ഉമേഷ് ചള്ളിയിൽ പാർട്ടി പ്രവർത്തന രംഗങ്ങളിൽ നിന്നും ഒഴിഞ്ഞു നില്ക്കുകയായിരുന്നു.
ഇതിനിടയിൽ ബിജെപി നേതാക്കളായ എ.എൻ.രാധാകഷ്ണൻ, അഡ്വ.ബി ഗോപാലകൃഷ്ണൻ തുടങ്ങിയവർ ഉമേഷ് ചള്ളിയിലിനെ ബിജെപിയിലെത്തിക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഉമേഷിന്റെ വരവോടെ കൊടുങ്ങല്ലൂരിൽ ബിജെപിക്ക് ജനങ്ങളുടെയിടയിൽ ശക്തമായ സാന്നാധ്യം ഉണ്ടാക്കാൻ കഴിയുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്.
മോഡി സർക്കാരിന്റെ വികസന നയത്തോടുള്ള താല്പര്യമാണ് ബിജെപിയിൽ ചേരാൻ കാരണമെന്ന് ഉമേഷ് ചള്ളിയിൽ പറഞ്ഞു.