കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് സിറ്റിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസിന്റെ വീഴ്ച വിവാദമായതിനു തൊട്ടുപിന്നാലെ ജില്ലാ പോലീസ് മേധാവിയെ വിമര്‍ശിച്ച് പോലീസുകാരന്റെ പോസ്റ്റ്. പോസ്റ്റ് വൈറലായതോടെ വകുപ്പുതലത്തില്‍ നടപടിയുണ്ടാകാനുള്ള സാധ്യതയും ഏറി. ഹര്‍ത്താല്‍ ദിനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ്.കാളിരാജ് മഹേഷ്കുമാറിന്റെ നടപടികളെ വിമര്‍ശിച്ചുകൊണ്ടാണ് ക്രൈംബ്രാഞ്ച് സിവില്‍പോലീസ് ഓഫീസര്‍ ഉമേഷ്വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
പോലീസുകാരുടെ ജീവന്മറന്നുള്ള കൃത്യനിര്‍വഹണവും എന്നാല്‍ ഐപിഎസ് റാങ്കുള്ള ഉദ്യോഗസ്ഥന്റെ കൃത്യവിലോപവും വ്യക്തമാക്കുന്ന പോസ്റ്റ് ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. കമ്മീഷണറെ വിമര്‍ശിച്ചതിന്റെ പേരില്‍ അച്ചടക്കനടപടിയുണ്ടാവുമെന്നറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചക്ക് കോഴിക്കോട്ടെ പോലീസുകാര്‍ മുഴുവന്‍ അപമാനിതരാകേണ്ടതില്ല എന്നുറച്ച ബോധ്യമുള്ളതു കൊണ്ട് എഴുതുന്നുവെന്ന് വ്യക്തമാക്കിയാണ് പോസ്റ്റ്.
പോസ്റ്റിലെ പ്രധാനഭാഗങ്ങള്‍ :
കച്ചവടക്കാര്‍ കട തുറക്കാന്‍ തയാറാണെന്നും കേരളാ പോലീസ് അവര്‍ക്കു സുരക്ഷയൊരുക്കുമെന്നും പ്രഖ്യാപനങ്ങളുണ്ടായി. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തതോടെ നിലകൊണ്ടു. ഹര്‍ത്താലിനെ എതിര്‍ക്കുന്നവരെ പേടിപ്പിക്കാന്‍ തലേന്ന് തന്നെ “അണികള്‍ ‘ തെരുവുകളില്‍ അഴിഞ്ഞാട്ടം തുടങ്ങി.
പക്ഷെ, സഹനത്തിന്റെ അങ്ങേയറ്റത്തു നിന്ന് ലഭിക്കുന്ന ധൈര്യത്തോടെ കേരളത്തിലെ എല്ലായിടത്തുമെന്നപോലെ കോഴിക്കോട്ടും കച്ചവടക്കാര്‍ കടതുറക്കാന്‍ തീരുമാനിക്കുന്നു. പോലീസ് സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.രാവിലെ തന്നെ പോലീസുകാരെ വിന്യസിച്ചു. കടകള്‍ തുറന്നു. അക്രമമുണ്ടായി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഏതാനും പേരെ പിടികൂടി.പക്ഷേ, കടകള്‍ അടക്കേണ്ടി വന്നു. വാഗ്ദാനം ചെയ്ത സുരക്ഷ എവിടെയോ പോയി. വെയിലും ചൂടും കല്ലേറും നേരിട്ട പൊലീസിന് പഴി മാത്രം ബാക്കിയായി.
എന്തുകൊണ്ട്? ആരാണുത്തരവാദി? ആ ചോദ്യത്തിനുത്തരം തേടുമ്പോഴാണ് കോഴിക്കോട്ടെ ജില്ലാ പോലീസ് മേധാവി ഒരു വന്‍ പരാജയമാണെന്നു തിരിച്ചറിയുന്നത്. എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെലല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ അത്ര ദുര്‍ബലമായിരുന്നു അദ്ദേഹമൊരുക്കിയ ബന്തവസ്.
മിഠായിത്തെരുവിലേക്ക് ധാരാളം വഴികളുള്ളത് കൊണ്ട് അക്രമികളെ നിയന്ത്രിക്കാന്‍ പറ്റിയില്ല എന്നാണദ്ദേഹം പറഞ്ഞത്. ആ വഴികളൊന്നും പുതിയതല്ല. ഊടുവഴികളിലൂടെയല്ല, പ്രധാന റോഡുകളിലൂടയാണ് അക്രമികള്‍ വന്നത്. തുറന്ന കടകളുടെ അടുത്തെത്തുന്നതിനു മുന്‍പേ അവരെ തടയാനുള്ള യാതൊരു സംവിധാനവും കണ്ടില്ല. മൂന്നു വഴികളില്‍ അക്രമികളെ തടയാനുള്ള പോലീസിനെ വിന്യസിച്ചാല്‍ തന്നെ വിജയിക്കുമായിരുന്നു.
അതുണ്ടായില്ല. അക്രമമുണ്ടായ ശേഷം അറസ്റ്റ് ചെയ്യുന്നതല്ല , അക്രമത്തെ തടയുന്നതാണ് പൊലീസിങ് എന്ന് ഒരു ഐപിഎസ ഉദ്യോഗസ്ഥന് അറിയേണ്ടതല്ലേ? അവിടെ ജോലിക്കു നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് താന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ബന്തവസിനെക്കുറിച്ചു മനസിലാക്കികൊടുക്കേണ്ടതും മറ്റു യൂണിറ്റുകളില്‍ നിന്നും വന്നു ജോലിചെയ്യുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെങ്കിലും സ്ഥലത്തിന്റെ ലേ ഔട്ടും അക്രമികള്‍ക്ക് വരാനും പോകാനുമുള്ള വഴികളും വരച്ചു കൊടുക്കേണ്ടതല്ലേ? സര്‍ക്കാരും ഡി ജിപിയും നിര്‍ദ്ദേശിച്ച പ്രകാരം കടകള്‍ക്കു സുരക്ഷ നല്‍കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും പോലീസിന്റെ വില കളയുന്ന അവസ്ഥയുണ്ടാക്കിയത് അറിവില്ലായ്മ കൊണ്ടോ അതോ മറ്റെന്തെങ്കിലും താല്പര്യങ്ങള് കൊണ്ടോ?
അക്രമികളെ അടിച്ചോടിക്കുമ്പോള്‍ അവര്‍ പോകുന്ന വഴിക്കൊക്കെ അലമ്പുണ്ടാക്കുമെന്നും തച്ചു തകര്‍ക്കുമെന്നും അറിയാത്തതല്ലല്ലോ. അമ്പതു പേരെയെങ്കിലും അറസ്റ്റ് ചെയ്തു മാറ്റുവാനുള്ള സംവിധാനം ഇല്ലാതെ പോയതെന്തുകൊണ്ടാണ്? തലേ ദിവസം സ്ത്രീകളുള്‍പ്പെടയുള്ളവരെ അക്രമിച്ച അതേ ഗുണ്ടകള്‍ പിറ്റേന്നും അക്രമത്തിനു മുന്പില് നിന്നത് കണ്ടു.
അക്രമം നടത്തി സുഖമായി വീട്ടില്‍ പോയുറങ്ങി പിറ്റേന്ന് വീണ്ടും അക്രമിയായി വരാന്‍ അവര്‍ക്കെങ്ങനെ ധൈര്യം കിട്ടുന്നു? ഉത്തരേന്ത്യന്‍ കലാപങ്ങളുടെ മാതൃകയില്‍ റോഡുകളിലൂടെ ( ആ സമയത്ത് ഒരു പോലീസ് സാന്നിധ്യവുമില്ലാതെ കോഴിക്കോടന്‍ റോഡുകള്‍ ) സകലതും തകര്‍ത്തെറിഞ്ഞും തീകൊളുത്തിയും നടന്നു നീങ്ങുന്ന കാഴ്ച കോഴിക്കോടന്‍ ജനതയിലുണ്ടാക്കിയ അരക്ഷിതത്വത്തിനു ഉത്തരവാദി ജില്ലാ പോലീസ് മേധാവിയല്ലേ? ബന്തവസിന്റെ പരാജയത്തിനു ഏറ്റവും വലിയ ഉദാരണമായിരുന്നു വലിയങ്ങാടിയില്‍ കണ്ടത്.
കച്ചവടക്കാര്‍ ധീരമായി കടകള്‍ തുറന്ന വലിയങ്ങാടിയില്‍ നിയോഗിച്ചത് രണ്ടേ രണ്ടു പൊലീസുകാരെ. ആളെക്കൂട്ടി വരാമെന്നു ഭീഷണിപ്പെടുത്തി പോയ അക്രമികളെ പേടിച്ചിട്ടായിരിക്കില്ല കടകള്‍ പൂട്ടിയത്- ആ രണ്ടു പോലീസുകാരുടെ ജീവന് കൊണ്ട് കളിക്കാന്‍ കമ്മീഷണറെപ്പോലെ കച്ചവടക്കാര്‍ക്ക് മനസ് വരാത്തതുകൊണ്ടാകണം.
സ്വന്തം സുരക്ഷക്ക് ഒരു വണ്ടി പോലീസുകാരെ വേണ്ടി വരുമ്പോള്‍ ഒരങ്ങാടിയിലെ കലാപമൊഴിവാക്കാന്‍ വിന്യസിച്ചത് വെറും രണ്ടു പേരെ! ഇത്രയും പറഞ്ഞത്, ഇനിയെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കൃത്യമായ ബന്തവസ്സ് സ്കീമുണ്ടാക്കി സുരക്ഷയൊരുക്കാന്‍ സിറ്റി പോലീസ് മേധാവി തയ്യാറാകാണം എന്നപേക്ഷിക്കാനാണ്. ഹര്‍ത്താലിന്റെ സ്ഥിരം ബന്തവസ്സ് സ്കീം തീയതി മാറ്റി കോപ്പി പേസ്റ്റ് ചെയ്താല്‍ പോരാ, അതാതു സമയത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അത് പുതുക്കിപ്പണിയണം. കമാന്റിംഗ് ഓഫീസര്‍മാര്‍ക്കെങ്കിലും അതിന്റെ പകര്‍പ്പ് നല്‍കണം.
പോലീസുകാരെ അടിമകളെന്ന മട്ടില്‍ കാണാതെ അവര്‍ക്കു ധൈര്യവും ഊര്‍ജ്ജവും നല്കി നയിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥ പോലീസ് മേധാവിയാകുന്നത്. അതിനു കീഴുദ്യോഗസ്ഥര്‍ വിഡ്ഡികളാണെന്ന ധാരണ മാറ്റണം . ചുമലിലുള്ള മൂന്നക്ഷരമൊഴിച്ചാല്‍ ഒപ്പം നില്ക്കാന് പറ്റുന്ന വിദ്യാഭ്യാസമുള്ളവരാണ് പോലീസുകാരിലേറെയും.
ഫീല്‍ഡില്‍ നില്ക്കുന്ന, ജനങ്ങളോടിടപഴകുന്ന എ സി പി മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍ വരെയുള്ള പോലീസുകാര്‍ക്ക് അനുഭവജ്ഞാനം കൂടുതലുണ്ടാവും. അവരില്‍ നിന്ന് വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചാല്‍ ഗുണമുണ്ടാവും. ഹൈറാര്‍ക്കിയുടെ ഉയരത്തില്‍ നിന്ന് കല്‍പ്പനകള്‍ മാത്രം പുറപ്പെടുവിക്കുന്ന ഒരാള്‍ക്ക് മേധാവിയാകാനേ പറ്റൂ, നായകനാകാന്‍ പറ്റില്ലെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.