ബംഗളൂരു: കോൺഗ്രസിൽനിന്നും രാജിവച്ച കർണാടക വിമത നേതാവ് ഉമേഷ് ജാദവ് ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് ഉമേഷ് ജാദവ് ബിജെപിയുടെ ഭാഗമായത്. കർണാടക ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ ഉമേഷ് ജാദ വിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ കൽബുർ ഗിയിൽ ജാദവ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്നാണു റിപ്പോർട്ട്.
രണ്ടു ദിവസം മുമ്പ് ഉമേഷ് ജാദവ് നിയമസഭാംഗത്വം രാജിവച്ചിരുന്നു. രമേഷ് ജാർകിഹോളിയുടെ നേതൃത്വത്തിലുള്ള നാലു വിമത കോൺഗ്രസ് എംഎൽഎമാ രിലൊരാളാണ് ഉമേഷ് ജാദവ്. കൽബുർഗി ജില്ലയിലെ ചിഞ്ചോളിയിൽനിന്നാണ് ജാദവ് എംഎൽഎയായത്.
മല്ലികാർജുൻ ഖാർഗെയുടെ തട്ടകമാണു ചിഞ്ചോളി. ഖാർഗെയുടെ മകനും കർണാടക സാമൂഹ്യക്ഷേമ മന്ത്രിയുമായ പ്രിയങ്കുമായി ജാദവ് സ്വരച്ചേർച്ചയിലായിരുന്നില്ല. പ്രിയങ്ക് ഏകാധിപതിയെപ്പോലെ പ്രവർത്തി ക്കുന്നുവെന്നു ജാദവ് പരാതി ഉന്നയിച്ചിരുന്നു.
കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിലും ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനങ്ങളിലും പങ്കെടുക്കാതിരുന്ന നാല് എംഎൽഎമാർക്കെതിരേ കൂറുമാറ്റനിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പരാതി നല്കിയിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം നാല് എംഎൽഎമാരും നിയമസഭയിലെത്തിയിരുന്നു. കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുമെന്നു രമേഷ് ജാർകിഹോളി പ്രഖ്യാപിച്ചിരുന്നു.