ടഇരിങ്ങാലക്കുട: ഉമിക്കരി ഫൈൻ അഗ്രഗേറ്റുകളിൽ ഒന്നായി ഉപയോഗിച്ചു കോണ്ക്രീറ്റിംഗിന്റെ കരുത്തു വർധിപ്പിക്കുക എന്ന ആശയത്തിനു ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിനു ഗവേഷണ ഗ്രാന്റ് ലഭിച്ചു.
കേരള സാങ്കേതിക സർവകലാശാലയ്ക്കു വേണ്ടി നടത്തുന്ന ഗവേഷണത്തി നു കാലടി റൈസ് മില്ലേഴ്സ് കണ്‍സോർഷ്യ (കെആർഎംസി) മാണു ഫണ്ടു നൽകുന്നത്.
അരി നിർമാണ വ്യവസായത്തി ലെ പ്രധാന അവശിഷ്ട വസ്തുവായ ഉമിക്കരി ഉപകാരപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന വിഷയത്തിൽ കേരള സാങ്കേതിക സർവകലാശാല നടത്തിയ ഇന്നൊവേഷൻ ചലഞ്ചിലാണു ഡോ. എം.ജി. കൃഷ്ണപ്രിയ, ഡോ. ജിനോ ജോണ്‍, വിനീത ഷാരോണ്‍ എന്നിവരടങ്ങിയ സംഘം സമർപ്പിച്ച ആശയത്തിന് അംഗീകാരം ലഭിച്ചത്.
ഗവേഷണം വിജയമായാൽ കോണ്‍ക്രീറ്റിംഗിൽ എം സാൻഡിന്റെയും മണലിന്റെയും ഉപയോഗം കുറയ്ക്കാനും ഉമിക്കരി സംസ്കരണത്തിനു ശാശ്വത പരിഹാരം കാണാനും കഴിയും.
തിരുവനന്തപുരത്തു വ്യവസായ മന്ത്രി പി. രാജീവിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയിൽ നിന്നു കോളജിനുവേണ്ടി ഡോ. ജിനോ ജോണ്‍ ആദ്യ ഗഡു ഏറ്റുവാങ്ങി.