കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസ് ഡിസംബർ 20ന് വീണ്ടും കോടതി പരിഗണിക്കും. ഇന്ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എംഎൽഎ ഉൾപ്പെടെയുള്ള 103 കുറ്റാരോപിതർക്കും കണ്ണൂർ അഡീഷണൽ സബ് ജഡ്ജ് നോട്ടീസ് അയച്ചിരുന്നു. ഇതിൽ 89 പേർ ഇന്നു രാവിലെ കോടതിയിൽ ഹാജരായി. നേതാക്കളായ പി.കെ.ശബരീഷ്, അഡ്വ.നിസാർ അഹമ്മദ്, രാജേഷ് പ്രേം, സി.വിജയൻ, ബാലകൃഷ്ണൻ മാസ്റ്റർ, ഇർഷാദ് തുടങ്ങിയവരാണ് സബ് ജഡ്ജ് ബിന്ദു സുധാകരൻ മുന്പാകെ ഇന്ന് ഹാജരായത്.
ഇവരോട് ഡിസംബർ 20 ന് ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇന്ന് ഹാജരാകാതിരുന്ന സി.കൃഷ്ണൻ എംഎൽഎ, മുൻ എംഎൽഎ കെ.കെ.നാരായണൻ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് കോടതി അവധി അനുവദിച്ചു. ഇവരും ഡിസംബർ 20ന് കോടതിയിൽ ഹാജരാകണം. 2013 ഒക്ടോബർ 27ന് കണ്ണൂർ പോലീസ് മൈതാനിയിൽ സംസ്ഥാന പോലീസ് അത്ലറ്റിക്സ് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംഘംചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
പോലീസ് പരേഡ് ഗ്രൗണ്ടിലെ സമ്മേളനവേദിക്ക് 50 മീറ്റർ അടുത്തുവച്ചാണു മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടത്. സോളാർ തട്ടിപ്പു കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ കരിങ്കൊടി പ്രകടനം അക്രമാസക്തമാകുകയും കല്ലേറ് നടക്കുകയുമായിരുന്നു. കല്ലേറിൽ ഉമ്മൻ ചാണ്ടിയുടെ നെറ്റിയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. ഉമ്മൻ ചാണ്ടിക്കൊപ്പം കാറിലുണ്ടായിരുന്ന കെ.സി. ജോസഫ് എംഎൽഎ, ടി .സിദ്ദീഖ് എന്നിവർക്കും കല്ലേറിൽ പരിക്കേറ്റിരുന്നു.
1013 പ്രതികളുള്ള കുറ്റപത്രത്തിൽ അന്ന് സിപിഎം എംഎൽഎമാരായിരുന്ന സി. കൃഷ്ണനും (പയ്യന്നൂർ) കെ.കെ. നാരായണനും (ധർമടം) ഒന്നും രണ്ടും പ്രതികളാണ്. ഇവരടക്കം 114 പേരെ തിരിച്ചറിഞ്ഞതായി കുറ്റപത്രത്തിലുണ്ട്. ഇവരിൽ 103 പേർ അറസ്റ്റിലായി. 11 പേർ അറസ്റ്റിലാകാനുണ്ട്. വധിക്കണമെന്ന ഉദ്ദേശത്തോടെ മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് പോലീസ് തയാറാക്കിയ എഫ്ഐആറിൽ പറഞ്ഞിരുന്നത്.
അന്യായമായ സംഘംചേരൽ എന്ന വകുപ്പ് മാത്രമാണ് എംഎൽഎമാരുടെ പേരിലുള്ളത്. കല്ലേറിൽ മുഖ്യമന്ത്രിയുടെ വാഹനവും പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും തകർത്തതിൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കുറ്റപത്രത്തിൽ പറയുന്നു. അക്രമത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി, കെ.സി. ജോസഫ്, ടി. സിദീഖ്, എന്നിവരുടെ മൊഴികളെടുത്തിരുന്നു.
കൂടാതെ സംഭവസ്ഥലത്തുണ്ടായിരുന്ന എസ്പി രാഹുൽ ആർ. നായർ, ഡിവൈഎസ്പി പി.സുകുമാരൻ, പ്രദീഷ് തോട്ടത്തിൽ, സിഐമാരായ പ്രദീപൻ കണ്ണിപ്പൊയിൽ, വി.കെ. വിശ്വംഭരൻ നായർ, എസ്ഐമാരായ സനൽകുമാർ, മനോജ്കുമാർ, ഷാജി പട്ടേരി തുടങ്ങിയവരടക്കം 253 സാക്ഷികളാണ് കേസിലുള്ളത്.