എംജെ ശ്രീജിത്ത്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ ആരംഭിക്കുന്നതിന് മുന്പ് തന്നെ കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം സജീവമാകുന്നു. പഞ്ചായത്ത് -നിയോജക മണ്ഡല അടിസ്ഥാനത്തിൽ എ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
എ ഗ്രൂപ്പിലെ യുവജന നേതാക്കളെയാണ് ഇതിനായി ഗ്രൂപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കെഎസ് യു, യൂത്തു കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഇതിനകം പലയിടത്തും ഗ്രൂപ്പ് ശക്തമാക്കുന്നതിന്റെ ഭാഗമായി രഹസ്യ യോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുന്നതു വഴി നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വിലപേശി വാങ്ങുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ രഹസ്യ ഇടപെടൽ.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി തന്നെ കോൺഗ്രസിനെ നയിക്കുമെന്നും മുഖ്യമന്ത്രിയാകുമെന്നുമുള്ള പ്രചരണവും രഹസ്യ യോഗങ്ങളിൽ നേതാക്കൾ അവതരിപ്പിക്കുന്നുണ്ട്.
അതിന് ഗ്രൂപ്പുകളിൽ പരമാവധിയാൾക്കാരെ കൂടെ കൂട്ടണമെന്നും അതുവഴി താഴെത്തട്ടുമുതലുള്ള ഗ്രൂപ്പിന്റെ അടിത്തറ ശക്തമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കെപിസിസിയിലെ രണ്ടു മുതിർന്ന നേതാക്കളാണ് ഗ്രൂപ്പ് പ്രവർത്തനം സജീവമാക്കുന്നതിന് ചുക്കാൻ പിടിക്കുന്നത്.
ഉമ്മൻചാണ്ടിയുമായി ഏറെ അടുപ്പം പുലർത്തുന്ന യുവജന നേതാക്കളാണ് കാര്യങ്ങൾ മുന്നിൽ നിന്ന് നയിക്കുന്നത്. എ ഗ്രൂപ്പുമായി ആഭിമുഖ്യമുള്ള വാട്സാപ് കൂട്ടായ്മകളും ഇതിനകം സജീവമാക്കിയിട്ടുണ്ട്. ഇതിലൂടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെ നിർദേശങ്ങളും ഗ്രൂപ്പ് ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
പാർട്ടിയിൽ ശക്തമാകുന്നതിന്റെ സൂചനയുടെ ഭാഗമായി കൂടുതൽ പരിപാടികളിൽ ഇനിമുതൽ ഉമ്മൻചാണ്ടി പങ്കെടുക്കും. ഇതുവരെ ഉമ്മൻചാണ്ടി പല വിഷയങ്ങളിലും ഇടപെട്ടിരുന്നെങ്കിലും അതു കാര്യമായ ഇടപെടലുകൾ ഉണ്ടായിരുന്നില്ലെന്ന ചർച്ചകളാണ് ഗ്രൂപ്പു ചർച്ചകളിൽ കൂടുതലും ഉയർന്നു വന്നത്.
അതിനാൽ പല വിഷയങ്ങളിൽ കൂടുതൽ ഇടപെടുകയും ഉദ്ഘാടനപരിപാടികളിലും പത്രസമ്മേളനങ്ങളിലും സജീവ സാന്നിധ്യമാകണമെന്നുമാണ് ഗ്രൂപ്പിലെ പൊതു വികാരം.
അടുത്ത കാലം വരെ കോൺഗ്രസിലെ ഗ്രൂപ്പുകൾ അത്ര സജീവമല്ലായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ ആദ്യമെ തന്നെ ഗ്രൂപ്പ് സജീവമാക്കി തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാനാണ് എഗ്രൂപ്പിന്റെ ശ്രമം.
തങ്ങളുടെ കൈവശമുള്ള ഡിസിസികളിലെല്ലാം വരും ദിവസങ്ങളിൽ രഹസ്യ യോഗങ്ങൾ നടക്കും. ഉമ്മൻചാണ്ടി സജീവമായി രാഷ്ട്രീയ കളത്തിലെത്തിയാൽ മാത്രമെ അടുത്ത തെരഞ്ഞെടുപ്പ് വിജയം നേടാൻ കഴിയുകയുള്ളുവെന്നാണ് എഗ്രൂപ്പിന്റെ പക്ഷം.
ഈ പ്രചരണം വലിയ രീതിയിൽ സമൂഹത്തിലും പാർട്ടിയിലും പ്രചരിപ്പിക്കാൻ തന്നെയാണ് എ ഗ്രൂപ്പിന്റെ തീരുമാനം.ൾ