എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സരിതാ എസ് നായരുടെ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു ഉമ്മൻചാണ്ടി ഉടൻ ഹൈക്കോടതിയിൽ ഹർജി നൽകും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം പൂർത്തിയാക്കിയ കേസ് വീണ്ടും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു അന്വേഷിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് മാത്രമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടും.
എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തയ്യാറാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരുമായി ഉമ്മൻചാണ്ടിയുടെ അടുത്ത വൃത്തങ്ങൾ ചർച്ച നടത്തി കഴിഞ്ഞു.
യുഡി.എഫ് കൺവീനറും ഉമ്മൻചാണ്ടിയുടെ വിശ്വസ്തനുമായ ബെന്നിബഹന്നാനെയും മുൻ എക്സൈസ് മന്ത്രി കെ ബാബുവിനെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ കേസ് അന്വേഷിക്കാൻ പുതുതായി ചുമതലപ്പെടുത്തിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരേയും യു.ഡി.എഫ് തിരിഞ്ഞിട്ടുണ്ട്.
കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്ന അന്വേഷണ സംഘ തലവൻ ക്രൈം ബ്രാഞ്ച് എസ്.പി അബ്ദുൾ കരീം സി.പി.എമ്മിന്റെ അതി വിശ്വസ്തനാണെന്നും കേസ് വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമുള്ള ആരോപണമാണ് ഉമ്മൻചാണ്ടിയുമായി അടുപ്പമുള്ളവർ ഉന്നയിക്കുന്നത്. ശബരിമല, ബ്രൂവറി വിഷയങ്ങളിൽ പ്രതിസന്ധിയിലായി നിൽക്കുന്ന സർക്കാരിന് മുഖം രക്ഷിക്കാൻ വേണ്ടിയാണ് വീണ്ടും സോളാർ കേസ് പൊടി തട്ടിയെടുത്തിരിക്കുന്നത്.ഇതിനുള്ള ദൗത്യമാണ് അബ്ദുൾ കരീമിന് നൽകിയിരിക്കുന്നതെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്.
രാജേഷ് ദ്വിവാൻ, ദിനേന്ദ്ര കശ്യപ് തുടങ്ങിയ ഉദ്യോഗസ്ഥർ യുഡിഎഫ് നേതാക്കൾക്ക് എതിരായ റിപ്പോർട്ട് തയ്യാറാക്കാൻ തയ്യാറാവാത്തതിനാലാണ് കശ്യപിനെ പോലുള്ള ഉദ്യോഗസ്ഥരെ വീണ്ടും കേസ് എൽപ്പിക്കാത്തതാണെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനം. കേസിനെ എങ്ങനെ നേരിടുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റുമായും എ.ഐ.സി.സി നേതൃത്വമായും ഇതിനകം ചർച്ച നടത്തിയിട്ടുണ്ട്. കെ.സി വേണുഗോപാലിനെതിരേയും കേസ് രജിസ്റ്റർ ചെയ്തതിനാൽ ഐ ഗ്രൂപ്പിന്റെ പിന്തുണയും ഇക്കാര്യത്തിൽ പൂർണമായും ഉണ്ട്.
കൂടുതൽ കോൺഗ്രസ് യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാപേരും ഒറ്റകെട്ടായി ഈ വിഷയത്തിൽ നിൽക്കാനാണ് നിലവിലെ ധാരണ. അന്വേഷണ സംഘം അന്വേഷണവുമായി മുന്നോട്ടു പോകുകയാണ്.
ഈയാഴ്ച തന്നെ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനു ശേഷമായിരിക്കും കൂടുതൽ പേരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുക. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കാട്ടി സരിതയ്ക്ക് ഉടൻ നോട്ടീസ് നൽകുമെന്നാണ് അന്വേഷണം സംഘം രാഷ്ട്രദീപികയോട് പറഞ്ഞത്.