തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയാകുന്നതു സംബന്ധിച്ച് അനിശ്ചിതത്വം ഒന്നും ഇല്ലെന്ന് ഉമ്മൻചാണ്ടി. രാഹുൽ മത്സരിക്കണമെന്ന കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്. ഇന്നുതന്നെ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
സ്ഥാനാർഥിയാകണമെന്ന കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യത്തോട് രാഹുൽ അനുകൂലമായി പ്രതികരിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വയനാട്ടിൽ നേരത്തെ നിശ്ചയിച്ച സ്ഥാനാര്‍ഥി പിൻമാറിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോൺഗ്രസിന്റെ ഒമ്പതാം സ്ഥാനാർത്ഥിപ്പട്ടികയിലും വയനാടും വടകരയും ഉൾപ്പെട്ടിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രിക അംഗീകരിക്കുന്നതു സംബന്ധിച്ചും രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ചും ഡൽഹിയിൽ ഇന്ന് രാവിലെ കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗം ചേരുന്നുണ്ട്. മൂന്നരയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും നടക്കും.
പി.സി. ചാക്കോയുടെ വിമർശനങ്ങളോട് പ്രതികരിക്കാനില്ല. പാർട്ടിക്കുള്ളിൽ അനിശ്ചിതത്വം ഇല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പ്രവർത്തകസമിതി അംഗം പി.സി. ചാക്കോ പറഞ്ഞിരുന്നു. ഈ ആവശ്യത്തിൽ രാഹുൽ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
സ്ഥാനാർഥിത്വം രാഹുൽ സമ്മതിച്ചെന്ന് ആരെങ്കിലും പറഞ്ഞെങ്കിൽ അത് വസ്തുതാപരമല്ലെന്നും ചാക്കോ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽനിന്നു മത്സരിക്കുന്നതു സംബന്ധിച്ച് ഹൈക്കമാൻഡ് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.