ബെന്നി ചിറയിൽ
ചങ്ങനാശേരി: എസ്ബിയിലെ വിദ്യാർഥിയാകാൻ കഴിഞ്ഞതിൽ മനസു നിറയെ അഭിമാനമാണെന്നു മുൻ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി.
കോട്ടയത്ത് പ്രീ യൂണിവേഴ്സിറ്റി പഠനത്തിനുശേഷം 1963-1966 കാലഘട്ടത്തിലാണ് താൻ എസ്ബി കോളജിൽ ഇക്കണോമിക്സ് ബിരുദ കോഴ്സിൽ ചേർന്നത്.
എസ്ബിയിൽ അന്ന് വിദ്യാർഥി രാഷ്ട്രീയം അനുവദനീയമല്ലാത്ത കാലം. കെഎസ്യു ജില്ലാ സെക്രട്ടറിയായിരുന്നതിനാൽ എസ്ബി കോളജിൽ പ്രവേശനം ലഭിക്കുമോയെന്നു സംശയമുണ്ടായിരുന്നതിനാൽ പാലാ കെ.എം. മാത്യു സാറിനെയും കൂട്ടി എസ്ബി കോളജിലെത്തി.
ഇക്കണോമിക്സ് വകുപ്പ് മേധാവിയായിരുന്ന പ്രഫ.സി.സെഡ്. സ്കറിയാ സാറിനെ കണ്ടു. പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കാളാശേരി കോളജിൽ ഇല്ലാതിരുന്നതിനാൽ വൈസ് പ്രിൻസിപ്പലിനെ കണ്ട് അഡ്മിഷൻ കരസ്ഥമാക്കി.
കെഎസ്യുക്കാരനായ തനിക്ക് കോളജിൽ പ്രവേശനം ലഭിച്ചവിവരം പ്രിൻസിപ്പൽ കാളാശേരി അച്ചൻ അറിഞ്ഞിരുന്നില്ല. കോളജ് തുറന്ന് ആദ്യദിനത്തിൽ കോട്ടയം ജില്ലയിൽ വിദ്യാർഥികളുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സ്വകാര്യബസ് പണിമുടക്കി.
അന്ന് ഉച്ചകഴിഞ്ഞ് ബസ് സമരവുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ കെഎസ്യു ജില്ലാ സെക്രട്ടറി എന്ന നിലയിൽ ഞാനും പങ്കെടുത്തു.
ചർച്ചയിലൂടെ സമരം തീരുകയും ചെയ്തു. കാത്തുനിന്ന പത്രക്കാരോടു തന്റെ പേരിനോടു ചേർന്ന് കെഎസ്യു എന്ന് എഴുതരുതെന്നും എസ്ബി കോളജ് പ്രതിനിധി എന്ന് എഴുതിയാൽ മതിയെന്നും പറഞ്ഞു. പത്രങ്ങളിൽ അങ്ങനെ അച്ചടിച്ചു വരികയും ചെയ്തു.
പിറ്റേന്ന് കോളജിൽ എത്തിയപ്പോൾ പത്രം മടക്കിപ്പിടിച്ചു ഗൗരവ ഭാവത്തിൽ പ്രിൻസിപ്പൽ ഫ്രാൻസിസ് കാളാശേരി അച്ചൻ നിൽക്കുന്നതാണ് കണ്ടത്. ഭവ്യതയോടെ ഞാൻ അച്ചന്റെ അടുത്തു ചെന്നു പറഞ്ഞു ഞാൻ ഉമ്മൻ ചാണ്ടിയാണ്.
ഉമ്മൻ ചാണ്ടി താങ്കൾ എങ്ങനെ എസ്ബി കോളജിനകത്തു കയറി. അച്ചാ ഞാൻ അഡ്മിഷന് വന്നപ്പോൾ അച്ചനില്ലാരുന്നു. അച്ചനെ വന്നു കാണാനിരിക്കുവായിരുന്നു എന്ന് പറഞ്ഞെങ്കിലും അച്ചൻ ഗൗരവം വെടിഞ്ഞില്ല.
അച്ചൻ പറഞ്ഞു. ഒരു കാര്യം പറഞ്ഞേക്കാം… കോളജിൽ വലിയ രാഷ്ട്രീയക്കളിയൊന്നും പറ്റില്ല, യാതൊരു പ്രശ്നവും ഉണ്ടാക്കരുത്. ഡിസിപ്ലിനെ ബാധിക്കുന്ന ഒരു പ്രശ്നവും ഉണ്ടാക്കില്ലെന്നു ഞാൻ മറുപടിയും നൽകി.
മൂന്നു വർഷവും കോളജ് കാന്പസിൽ രാഷ്ട്രീയം പ്രവർത്തനം നടത്തിയില്ല, കെഎസ്യു പ്രവർത്തനങ്ങൾ കോളജിനു പുറത്തു മാത്രമായിരുന്നു.
അങ്ങനെ പ്രിൻസിപ്പൽ അച്ചനോടു വാക്കു പാലിച്ചു. അദ്ദേഹം പറഞ്ഞു നിർത്തി. കോളജിൽ പ്രവർത്തന സ്വാതന്ത്ര്യമുണ്ടായിരുന്ന പ്ലാനിംഗ് ഫോറം സെക്രട്ടറി സ്ഥാനത്തേക്കു കുട്ടനാട് സ്വദേശി പി.ടി. സക്കറിയാസിനെ മത്സരിപ്പിച്ച് വിജയിപ്പിച്ചതും 56 വർഷം പിന്നിടുന്പോഴും ഉമ്മൻ ചാണ്ടി ഓർക്കുന്നു.
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ അന്ന് പവ്വത്തിൽ അച്ചനായിരുന്നു. അച്ചനായിരുന്നു തന്റെ പൊളിറ്റിക്സ് അധ്യാപകൻ. ഈ ബന്ധം മാർ പവ്വത്തിലുമായി ഇന്നും ഉൗഷ്മളമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.