ഒറ്റപ്പാലം: ബോധമണ്ഡലം മറച്ച മാനസിക വിഭ്രാന്തിയുടെ യാത്രക്കിടയിലും ഹാജിറുമ്മയും വാക്സിൻ സ്വീകരിച്ചു.
ഒറ്റപ്പാലം നഗരസഭയുടെ ആശ്രയ ഭവനം അന്തേവാസിയായ ഹാജിറ (67) ഉമ്മക്ക് ആരോ പറഞ്ഞ് കേട്ട അറിവ് എപ്പോഴോ ഓർമ്മയുടെ ഇത്തിരി വെട്ടത്തുണ്ടായിരുന്നു. ഇതാണ് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാനും കാരണമായത്.
ഇത് ഹാജിറ ഉമ്മ ഒറ്റപ്പാലം നഗരത്തിന് ഇവർ സുപരിചിതയാണ്. മാനസിക അസ്വാസ്ഥ്യം കാണിക്കാറുണ്ടെങ്കിലും കഴിഞ്ഞ 20 കൊല്ലത്തിലധികമായി ഒറ്റപ്പാലത്തിന്റെ തെരുവിലാണ് ഇവരുടെ ജീവിതം.
തോന്നിയാൽ പേപ്പർ, അട്ടപ്പെട്ടി , പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവ കടകളിൽ നിന്നും, ഓഫീസുകളിൽ നിന്നും ശേഖരിച്ച് ആക്രി കടയിൽ കൊണ്ടുപോയി വിൽപ്പന നടത്തും.
സഹായിക്കാൻ മറ്റാരുമില്ലാതെ കട തിണ്ണയിലും, റോഡരികിലും, താലൂക്ക് ആശുപത്രിയുടെ വരാന്തയിലും ഭാണ്ഡകെട്ടുമായി അന്തിയുറങ്ങിയിരുന്ന ഹാജിറ ഉമ്മക്ക് അടുത്ത കാലത്താണ് ഒറ്റപ്പാലം നഗരസഭ ആശ്രയഭവനം നൽകിയത്.
ഒറ്റക്കായതു കൊണ്ടു തന്നെ വാക്സിൻ എടുക്കുന്നതിനെ കുറിച്ചോ ,അതിന്റെ ആവശ്യകതയെക്കുറിച്ചോ ഹാജിറ ഉമ്മയോട് ആരും ഒന്നും പറഞ്ഞിരുന്നില്ല.
കേൾക്കാനൊട്ട് ഹാജിറുമ്മക്ക് സമയവുമില്ല. തലയിലും, ഒക്കത്തും വക്കുന്ന വലിയ പ്ലാസ്റ്റിക് ഭാണ്ഡകെട്ട് ഒരിക്കലും നിലത്ത് വക്കാതെ അലയുകയാണ് ഇവരുടെ സ്വഭാവം. വഴക്കാളിയല്ലാത്ത ഉമ്മയെ എല്ലാവർക്കുമറിയാം.
ആരോടും ഒന്നും ചോദിക്കില്ല. എല്ലാവരോടും സൗഹൃദഭാവത്തിൽ സംസാരിക്കും. ആരും തിരിച്ച് മറുപടി പറയാറില്ലെങ്കിലും ഉമ്മയ്ക്കതിൽ പരിഭവവും ഇല്ല.
പതിവായി നഗരസഭയിൽ വരുന്ന ഹാജിറ ഉമ്മയോട് മുൻ കൗണ്‍സിലർ ടി.പി പ്രദീപ് കുമാറാണ് വാക്സിൻ എടുക്കാൻ പ്രേരിപ്പിച്ചത്.
വാക്സിൻ എടുക്കാൻ സമ്മതമല്ലേ എന്ന് ചോദിച്ചപ്പോൾ ആദ്യമൊക്കെ എതിർപ്പായിരുന്നു മറുപടി. എങ്കിലും, പിന്നീട് ഇവർ സമ്മതിക്കുകയായിരുന്നു.
കയ്യിലുള്ള ബാഗിൽ നിന്ന് ആധാർ കാർഡ് കൊടുക്കുകയും ചെയ്തു. മുൻ കൗണ്‍സിലറുടെ ഫോണ്‍ നന്പറിൽ തന്നെ കോവിൻ പോർട്ടലിൽ ആധാർ നന്പർ രജിസ്റ്റർ ചെയ്യുകയും ഹാജിറ ഉമ്മക്ക് വാക്സിൻ നൽകണമെന്ന് മുൻ കൗണ്‍സിലറുടെ അഭ്യർത്ഥനയെ തുടർന്ന് അരീക്കപ്പാടം വാർഡ് കൗണ്‍സിലർ കല്യാണി, ആശ വർക്കർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
അരീക്കപ്പാടം വാർഡിന്റെ ലിസ്റ്റിൽ ഹാജിറ ഉമ്മയുടെ പേര് കൂടി ഉൾപ്പെടുത്തി ഗോപികാസ് ഓഡിറ്റോറിയത്തിൽ എത്തിച്ച് ഇവർക്ക് വാക്സിൻ നൽകുകയായിരുന്നു.
തെരുവിലലയുന്നവർക്ക് കൂടി വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണെന്ന്പൊതുപ്രവർത്തകരും പറയുന്നു.