ജോമി കുര്യാക്കോസ്
പുതുപ്പള്ളി: വികാരനിർഭരമായ പ്രകടനങ്ങളും ഒാസിയില്ലാതെന്തു ജീവിതം എന്നമട്ടിൽ മുദ്രാവാക്യങ്ങളുമായി പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടുമുറ്റത്ത് വല്ലാത്തൊരു ആവേശത്തോടെ അണികൾ ഓടിക്കൂടി.
ബിജെപിയെ ചെറുക്കാൻ ഉമ്മൻ ചാണ്ടി നേമത്ത് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന ധാരണയിലും നിർദേശത്തിലുമാണ് ഡൽഹിയിൽനിന്നും പുതുപ്പള്ളിലേക്ക് വേഗത്തിലുള്ള മടക്കം എന്ന ആശങ്കയിലാണു പുതുപ്പള്ളിലെ അടുപ്പക്കാർ ഓടിക്കൂടിയത്.
രാവിലെ 10.30നു കുഞ്ഞൂഞ്ഞ് പുതുപ്പള്ളി വീട്ടിലെത്തി ‘ഞാൻ പൊയ്ക്കോട്ടേ’ എന്ന് മണ്ഡലം ഭാരവാഹികളുടെ അഭിപ്രായം തേടുമെന്ന സൂചന സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.
നെടുന്പാശേരിയിൽനിന്നു നേരേ വീട്ടിലേക്കെത്തിയ ഉമ്മൻ ചാണ്ടിയുടെ വാഹനത്തെ കോണ്‍ഗ്രസുകാർ പൊതിഞ്ഞു. വണ്ടിയെ പൊതിഞ്ഞുനിന്ന ഖദർക്കൂട്ടം വീട്ടിലേക്ക് എടുത്തുകൊണ്ടുവരുന്ന പ്രതീതിയായിരുന്നു.
കെ.സി. ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ അനുനയിപ്പിച്ചശേഷമാണു വാഹനത്തിനും അതിനുള്ളിൽനിന്നു ഉമ്മൻ ചാണ്ടിക്കും വീടിനുള്ളിലേക്ക് കയറിവരാൻ സാധിച്ചത്.
ഉമ്മൻ ചാണ്ടിവരുന്നതിനും മുൻപേ പുതുപ്പള്ളിയിൽനിന്ന് ഉമ്മൻ ചാണ്ടിയെ ആർക്കും ഒരിടത്തും വിട്ടുകൊടുക്കില്ലെന്നും വിട്ടുതരില്ലെന്നും മുദ്രാവാക്യങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു. ഒരുനിര സ്ത്രീകൾ നിലത്തിരുന്നു നേതാവിനു മുദ്രാവാക്യം മുഴക്കി. ചിലർ തമിഴ് സ്റ്റൈലിൽ അലമുറയിടുകയും ചെയ്തു.
ഇതിനിടെ ഉമ്മന്‍ചാണ്ടിയുടെ കരോട്ട് വള്ളക്കാലിൽ വീട്ടിന്റെ മുകളിൽ കയറി യൂത്ത് കോണ്‍ഗ്രസ് മീനടം മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോണ്‍ അഭിവാദ്യം അർപ്പിച്ചു മുദ്രാവാക്യം മുഴക്കി. താഴെയിറങ്ങാൻ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഒടുവിൽ ഉമ്മൻ ചാണ്ടി വീട്ടിലേക്ക് കയറിയശേഷമാണു താഴെയിറങ്ങിയത്.
ഉമ്മൻ ചാണ്ടിയുടെ കട്ടൗട്ടുകളും പ്ലക്കാർഡുകളും കൊടികളുമായാണു പ്രവർത്തകർ മുറ്റത്തും റോഡിലും തിക്കിത്തിരക്കിയത്.
ഡൽഹിയിൽ ഒരാഴ്ച ഉറക്കമില്ലാതെ തുടർന്ന മാരത്തണ്‍ ചർച്ചകളുടെ ക്ഷീണം പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ മുഖത്ത് പ്രകടമായിരുന്നു.
ഇടറിമുറിഞ്ഞ ശബ്ദത്തോടെ കസേരയിലിരുന്നു സംസാരിച്ചുതുടങ്ങിയപ്പോഴും അക്ഷമരായി ജനം പുതുപ്പള്ളി വിട്ടൊരു ഒത്തുതീർപ്പിനുമില്ലെന്ന് പ്രതിഷേധിച്ചുകൊണ്ടിരുന്നു.
പുതുപ്പള്ളിക്കാരുടെ വികാരം മനസിലാക്കുന്നതായും ഇവിടം വിട്ടു മറ്റൊരിടത്തേക്കും പോകില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞതോടെയാണ് രംഗം ശാന്തമായത്.
അണികൾ ആഹ്ലാദത്തോടെ പ്രഖ്യാപനം ഏറ്റെടുക്കുകയും ചെയ്തു.നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള സ്ഥാനാർഥിപട്ടികയിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് അറിയിച്ചുവെന്ന് അദ്ദേഹവുമായി നടത്തിയ ചർച്ചയ്ക്കുശേഷം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.
നോമിനേഷൻ കൊടുക്കുന്ന തീയതി അടക്കം ഉടൻ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വീടിനുള്ളിൽവച്ചുതന്നെ പുതുപ്പള്ളിയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനുണ്ടാക്കാതെ മടങ്ങില്ലെന്ന് അണികൾ പറഞ്ഞതോടെ നേതാക്കളെ വിളിച്ച് ഉമ്മൻ ചാണ്ടി തീരുമാനം അറിയിക്കുകയായിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ഫിൽസണ്‍ മാത്യൂസ്, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മോനിച്ചൻ കിഴക്കേടം, പി.എം. സ്കറിയ തുടങ്ങിയവർ പുതുപ്പള്ളിയിയിലെ വീട്ടില്‍ എത്തിയിരുന്നു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി ചർച്ച നടത്തി.