കളമശേരി: പാലാരിവട്ടം പാലത്തിന്റെ പേരില്‍ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ നടത്തുന്ന നുണപ്രചാരണം സിപിഎമ്മിനും എല്‍ഡിഎഫിനും തിരിച്ചടിയാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പാലാരിവട്ടം പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടതു മുന്നണി നടത്തുന്ന നുണപ്രചാരണം അവസാനിപ്പിക്കണമെന്നും പാലം ഉടന്‍ ഗതാഗത്തിന് തുറന്നു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് കളമശേരി നിയോജക മണ്ഡലം കമ്മിറ്റി എച്ച്എംടി ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
യുഡിഎഫിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ പൊതുമരാമത്ത് വിഭാഗം നിരവധി പദ്ധതികളാണ് ഏറ്റെടുത്തു നടപ്പിലാക്കിയത്. കേരളത്തില്‍ 400 ദിവസത്തിനുള്ളില്‍ 100 പാലങ്ങള്‍ക്കുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതില്‍ ഇബ്രാഹിംകുഞ്ഞ് വിജയം കണ്ടതായും അദേഹം പറഞ്ഞു.
ഇടപ്പിള്ളി ഫ്ളൈ ഓവറിന്റെ പണി പൂര്‍ത്തിയാക്കിയതും പാലാരിവട്ടം ഫ്ളൈഓവറിന്റെ 75 ശതമാനം പദ്ധതിയും പൂര്‍ത്തിയാക്കിയതും യുഡിഎഫ് ഭരണകാലത്താണ്. പാലാരിവട്ടം പാലത്തിന്റെ ബാക്കി 25 ശതമാനം പണി പൂര്‍ത്തിയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തില്‍ അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയത് ഗൗരവതരം തന്നെയാണ്. എന്നാല്‍ ഇതില്‍ എല്‍ഡിഎഫ് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചടങ്ങില്‍ യുഡിഎഫ് ചെയര്മാന് ഇ.കെ .സേതു അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത്, മുന്‍ മന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ ജിസിഡിഎ മുന്‍ ചെയര്മാന് കെ.സി. വേണുഗോപാൽ, ഡിസിസി ടി.ജെ. വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.