എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: അഞ്ചു വർഷം വെള്ളം കോരിയതു വെറുതെയാകുമോ? തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് നായകനായി ഉമ്മൻ ചാണ്ടിയെ നിയോഗിച്ച ഹൈക്കമാൻഡ് തീരുമാനത്തിൽ ഞെട്ടിത്തരിച്ചു ഐ ഗ്രൂപ്പ്.
തെരഞ്ഞെടുപ്പിലെ നായകസ്ഥാനം ഉമ്മൻ ചാണ്ടിക്കു നൽകുന്നതിൽ ഐ ഗ്രൂപ്പിൽ കടുത്ത അമർഷമാണ് ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിക്കും എന്നതിൽ വലിയ അപകടമാണ് പതിയിരിക്കുന്നതെന്നാണ് ഐ ഗ്രൂപ്പ് വിലയിരുത്തൽ.
കൂടുതൽ എംഎൽഎമാരെ എ ഗ്രൂപ്പ് നേടിയാൽ രമേശ് ചെന്നിത്തലയുടെ അവസരത്തിന് അപ്പോൾ തടയിടുമോയെന്ന ആശങ്കയാണ് ഐ ഗ്രൂപ്പിൽ കലശലായിരിക്കുന്നത്.
ഫലത്തിൽ വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടിയിലേക്കു തന്നെ എത്താനുള്ള വഴിയാണ് തുറന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷവും പ്രതിപക്ഷ നേതാവായി മികച്ച പ്രകടനമാണ് രമേശ് ചെന്നിത്തല നടത്തിയതെന്ന് ഐ ഗ്രൂപ്പ് പറയുന്നു.
സ്പ്രിംഗ്ളർ അടക്കം നിരവധി അഴിമതിയാരോപണങ്ങളുമായി സർക്കാരിനെ മുൾമുനയിൽ നിർത്തിയ രമേശ് ചെന്നിത്തലയെ പാടെ ഒഴിവാക്കുന്ന നടപടിയാണ് ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ഐ ഗ്രൂപ്പ് കരുതുന്നത്.
കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിനുശേഷം ഉമ്മൻ ചാണ്ടി നേതൃസ്ഥാനത്തുനിന്നു മാറി നിന്നപ്പോൾ ഘടകകക്ഷികൾ ഉൾപ്പെടെ എല്ലാവരേയും ചെന്നിത്തല ഒരുമിച്ചു നിർത്തിയതും തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിയ തോതിൽ പിന്നോക്കം പോയെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചതും കാണാതെയുള്ള ഹൈക്കമാൻഡിന്റെ ഇപ്പോഴത്തെ തീരുമാനം എ ഗ്രൂപ്പിന്റെ സമ്മർദ്ദങ്ങൾക്കു വഴങ്ങിയാണെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.
വിട്ടുകൊടുക്കില്ല
തത്കാലം മിണ്ടാതിരുന്നാലും നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്പോൾ എ ഗ്രൂപ്പിനേക്കാൾ കൂടുതൽ എംഎൽഎമാർ ഐ ഗ്രൂപ്പിനുണ്ടായാൽ മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുക്കേണ്ടെന്നാണ് തീരുമാനം.
കഴിഞ്ഞ തവണ ഇതേ മാനദണ്ഡം ഉപയോഗിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പ് നേടിയെടുത്തത്.
ഇതു മനസിൽ കണ്ടുള്ള നീക്കം തന്നെയാണ് ഐ ഗ്രൂപ്പ് നടത്താൻ പോകുന്നത്. എംഎൽഎമാരുടെ എണ്ണം കൂടിയാൽ ഇതു ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കാനും ഐ ഗ്രൂപ്പിനു കഴിയും.
അതിനാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്കു കിട്ടുന്ന സീറ്റുകളിലെല്ലാം വിജയിക്കാനുള്ള ഒരുക്കങ്ങൾ ഇപ്പോൾത്തന്നെ ഐ ഗ്രൂപ്പ് തുടങ്ങിക്കഴിഞ്ഞു. മാത്രമല്ല നിലവിൽ ജയിച്ചു നിൽക്കുന്ന സീറ്റുകൾ വച്ചുമാറില്ലെന്ന നിലപാടിലുമാണ് ഐ ഗ്രൂപ്പ്.
ഹൈക്കമാൻഡ് നിലപാട് വന്നതോടെ കെ.മുരളീധരൻ ഉൾപ്പെടെയുള്ള ഇടഞ്ഞു നിൽക്കുന്ന മുൻ ഐഗ്രൂപ്പ് നേതാക്കളെയെല്ലാം വീണ്ടും ഐ ഗ്രൂപ്പിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
ആദ്യ സൂചന
ഹൈക്കമാൻഡിന്റെ തീരുമാനം നൽകിയ ഞെട്ടലിൽ നിന്നും ഇതുവരെ ഐ ഗ്രൂപ്പ് പുറത്തു വന്നിട്ടില്ല. വരും ദിവസങ്ങളിലും ഈ വിഷയത്തിൽ ഐ ഗ്രൂപ്പിൽ നിന്നും കൂടുതൽ പരസ്യ പ്രതികരണങ്ങൾ ഉണ്ടാകും.
ആദ്യ സൂചനകൾ ഇപ്പോൾത്തന്നെ വന്നു കഴിഞ്ഞു.
രമേശ് ചെന്നിത്തലയെ എഴുതിത്തള്ളാൻ കഴിയില്ലെന്ന നിലപാടുമായി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനും ഐഎൻടിയുസി നേതാവുമായ ആര്. ചന്ദ്രശേഖരൻ രംഗത്തെത്തി.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തലയ്ക്ക് അർഹമായ സ്ഥാനം നൽകണമെന്ന് ആർ.ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടത്.
കെ കരുണാകരനു ശേഷം സഭയിൽ എൽഡിഎഫിനെതിരെ ശക്തമായി പ്രതികരിച്ച നേതാവാണ് രമേശ് ചെന്നിത്തലയെന്നും ചന്ദ്രശേഖരൻ വിശേഷിപ്പിച്ചു.