ജോസ് ആൻഡ്രൂസ്
ഒരുവിധത്തിൽ പറഞ്ഞാൽ ഓർമകൾ ചീകിയൊതുക്കാത്ത നീളൻ മുടികൾപോലെയാണ്. വിട്ടുപോകില്ല. മുറിച്ചെറിയുന്തോറും വളർന്നു വളർന്നങ്ങനെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും, മറക്കരുതെന്ന്.
ഉമ്മൻ ചാണ്ടി ഓർമിക്കുന്നുണ്ട് ആ പഴയ കാര്യങ്ങൾ. നമുക്കും കേൾക്കാതെ വയ്യ. കാരണം, സണ്ണി കുഞ്ഞൂഞ്ഞായും കുഞ്ഞൂഞ്ഞ് ഉമ്മൻ ചാണ്ടിയായും വളരുന്നത് കേരള രാഷ്്ട്രീയത്തിന്റെകൂടി വളർച്ചയുടെ ചരിത്രമാണ്. കൃത്യമായി പറഞ്ഞാൽ. പുതുപ്പള്ളി സെന്റ് ജോർജ് ഗവൺമെന്റ് ഹൈസ്കൂളിലെ കെഎസ്യു യൂണിറ്റിന്റെ പിറവിയോടെ ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയക്കാരനും പിറന്നു.
വിദ്യാർഥിസംഘടനയായ കെഎസ്യു അപ്പോൾ ആലപ്പുഴയിൽ സ്ഥാപിതമായിട്ടേയുള്ളൂ. 1958-ൽ കുട്ടനാട്ടിൽ ഒരണ സമരം തുടങ്ങി. കോട്ടയത്തും സമരം നടക്കുന്നു. പിക്കറ്റിംഗും വിദ്യാർഥികളുടെ അറസ്റ്റുമൊക്കെ എന്നുമുണ്ട്. വാർത്ത കേട്ടതേയുള്ളൂ.
കെഎസ്യു എന്താണെന്നുപോലും ശരിക്കറിയില്ല. നേതാക്കന്മാർ ആരും യൂണിറ്റ് തുടങ്ങണമെന്നു പറഞ്ഞിട്ടുമില്ല. പക്ഷേ, വാർത്തയൊക്കെ കേട്ടപ്പോൾ ആവേശം അടക്കാനായില്ല. സെന്റ് ജോർജ് പള്ളിക്കൂടത്തിന്റെ മൈതാനത്ത് 30 കുട്ടികൾ ഒന്നിച്ചുകൂടി. നമുക്കൊരു യൂണിറ്റ് തുടങ്ങണം. തുടങ്ങി. വി.ടി. ജോണ് പ്രസിഡന്റ്, ഉമ്മൻ ചാണ്ടി സെക്രട്ടറി.
കോട്ടയത്ത് ദീപികയുടെ ഓഫീസിലിരുന്ന് ഉമ്മൻ ചാണ്ടി ആ പുതുപ്പള്ളിക്കഥ പറഞ്ഞുതുടങ്ങിയപ്പോൾ ഒരു പതിനഞ്ചുകാരന്റെ മുഖഭാവം. ഒപ്പമുണ്ടായിരുന്ന കെ.സി. ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനും ജോഷി ഫിലിപ്പും ഒന്നുകൂടി ഇളകിയിരുന്നു, പഴയൊരു ബ്ലാക്ക് ആൻ വൈറ്റ് സിനിമ കാണുന്നപോലെ.
“പിക്കറ്റിംഗിൽ പങ്കെടുക്കാൻ കോട്ടയത്തിനു പോകാതെ പുത്തൻ കെഎസ്യു ക്കാർക്ക് ഇരിക്കപ്പൊറുതിയില്ല. പുതുപ്പള്ളിയിൽനിന്നു കോട്ടയത്തേക്ക് പോകാൻ സ്വരാജ് ബസുണ്ട്. പക്ഷേ, കെഎസ്യു ക്കാരുടെ കൈയിൽ വണ്ടിക്കൂലി കൊടുക്കാൻ കാശില്ല.
ബസിന്റെ ദയാലുവായ കണ്ടക്ടർ കുമാരനല്ലൂർകാരൻ ജോസഫിനോടു കാര്യം പറഞ്ഞു. അദ്ദേഹം സമ്മതിച്ചു; ദിവസം 15 പിള്ളേരെ വീതം കോട്ടയത്തേക്കു സൗജന്യമായി കൊണ്ടുപോകാം. ഉടനെ നേതാക്കന്മാർ ഉൾപ്പെടെ 15 പേർ സ്വരാജ് ബസിൽ കയറി. അന്നു പോകാൻ പറ്റാതിരുന്ന 15 പേർ അടുത്ത ദിവസം സ്വരാജിൽ കയറി കോട്ടയത്തേക്ക്.’
ഉമ്മൻ ചാണ്ടി പുതുപ്പള്ളിക്കു പുറത്തേക്ക് വളരുകയായിരുന്നു.
സിഎംഎസിന്റെ ഉത്കണ്ഠ
പിന്നീട് പ്രീ യൂണിവേഴ്സിറ്റിക്കു പഠിക്കാൻ കോട്ടയം സിഎംഎസ് കോളജിലേക്കു പോയപ്പോഴും കുഞ്ഞൂഞ്ഞ് കെഎസ്യുവിനെ കൂടെക്കൂട്ടി. ഈ വിദ്യാർഥിരാഷ്ട്രീയത്തിനിടെയാണ് കെഎസ്യു നേതാക്കളായിരുന്ന എം.കെ. രവീന്ദ്രനെന്ന വയലാർ രവിയും അറയ്ക്കൽ പറന്പിൽ കുര്യൻ ആന്റണിയെന്ന എ.കെ. ആന്റണിയുമായും പരിചയപ്പെട്ടത്.
കുഞ്ഞൂഞ്ഞ് കൊള്ളാം, പക്ഷേ, രാഷ്ട്രീയക്കളി സിഎംഎസിന്റെ പ്രിൻസിപ്പൽ പ്രഫ. പി.സി. ജോസഫിനോടു വേണ്ട. സിഎംഎസിൽതന്നെ ഡിഗ്രിക്കു ചേരാൻ ചെന്നപ്പോൾ കളി കാര്യമായി. അഡ്മിഷൻ തരില്ല.
കെഎസ്യു ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ ഒരു പ്രസ്താവന പത്രത്തിൽ വന്നതാണ് പ്രശ്നം. വിദ്യാർഥികൾക്കുള്ള കണ്സഷൻ പിൻവലിക്കരുതെന്നും സ്വകാര്യബസുടമകളുടെ നടപടിയിൽ വിദ്യാർഥിസമൂഹത്തിന് ഉത്കണ്ഠയുണ്ടെന്നുമായിരുന്നു പ്രസ്താവന. ആ ഉത്കണ്ഠ പ്രിൻസിപ്പലിന്റെ ഉത്കണ്ഠയായി മാറി.
പുതുപ്പള്ളി സ്വദേശിയും സിഎംഎസിലെ ഫിസിക്കൽ ഡയറക്ടറുമായിരുന്ന ടി.ജെ. മാത്യുസാറിനെ കണ്ട് അഡ്മിഷൻ കിട്ടാൻ സഹായിക്കണമെന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞിട്ടും പ്രിൻസിപ്പൽ വഴങ്ങിയില്ല.
കുഞ്ഞൂഞ്ഞിനെ ഇവിടെ ഡിഗ്രിക്കു പഠിപ്പിക്കുന്ന കാര്യത്തിൽ തനിക്കും ഉത്കണ്ഠയുണ്ടെന്നായിരുന്നു പ്രതികരണം. അതോടെ ആ അധ്യായം അടഞ്ഞു. പക്ഷേ, ഡിഗ്രി പ്രവേശനത്തിന്റെ കാര്യത്തിൽ ഉത്കണ്ഠ തീർന്നില്ല. ഒടുവിൽ പാലാ കെ.എം. മാത്യു ഇടപെട്ട് ചങ്ങനാശേരി എസ്.ബി കോളജിൽ അഡ്മിഷൻ വാങ്ങിക്കൊടുത്തു.
രാഷ്്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് അഡ്മിഷൻ കൊടുക്കുന്നതിനു മുന്പുതന്നെ പ്രിൻസിപ്പൽ ഫ്രാൻസിസ് കാളാശേരിയച്ചൻ മുന്നറിയിപ്പു നല്കി. സമ്മതിച്ചു. അങ്ങനെ ബി.എ ഇക്കണോമിക്സിനു ചേർന്നു. പിന്നീട് എറണാകുളം ലോ കോളജിൽനിന്നു നിയമബിരുദം.
പുതുപ്പള്ളി പള്ളിക്കൂടത്തിലെ കെഎസ്യു യൂണിറ്റ് സെക്രട്ടറിയിൽനിന്നു കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്കും ദേശീയ രാഷ്ട്രീയത്തിലേക്കും ഉമ്മൻ ചാണ്ടി ബഹുദൂരം യാത്ര ചെയ്തത് അതിവേഗമായിരുന്നു. 1967-ൽ കെഎസ്യു സംസ്ഥാന പ്രസിഡന്റായി. മൂന്നു വർഷത്തിനകം 1970ൽ യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ്. അതേ വർഷം ഇടതുമുന്നണി സ്ഥാനാർഥി എം. ജോർജിനെ പരാജയപ്പെടുത്തി പുതുപ്പള്ളിയിൽനിന്ന് എംഎൽഎ.
ആരോടു പറയാൻ, മണ്ഡലം തിരിച്ചുപിടിക്കാൻ ഇടതുമുന്നണി അരനൂറ്റാണ്ടിനിടെ നടത്തിയ പരീക്ഷണങ്ങളെല്ലാം തകർന്നു തരിപ്പണമായി. ചാവേറുകൾ വന്നും പോയുമിരിക്കെ, 50 വർഷമായിട്ടും പുതുപ്പള്ളി കൂഞ്ഞൂഞ്ഞിനെ നെഞ്ചോടു ചേർത്തു നിർത്തിയിരിക്കുന്നു. 77-ൽ തൊഴിൽ വകുപ്പു മന്ത്രി. 81-ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി. 91-ൽ ധനകാര്യമന്ത്രി.
2004-ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും എൽഡിഎഫിന്. യുഡിഎഫിനു പൊന്നാനി മാത്രം. ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ. ആന്റണി രാജിവച്ചതോടെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. 2011-ൽ വീണ്ടും മുഖ്യമന്ത്രി. ഇപ്പോൾ കോണ്ഗ്രസ് പ്രവർത്തകസമിതിയംഗവും ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമാണ്.
കേൾവിക്കാരുടെ ചോദ്യങ്ങൾക്ക് ഉമ്മൻ ചാണ്ടി മറുപടി പറഞ്ഞുകൊണ്ടേയിരുന്നു. കൃത്യതയോടെ അളന്നുതൂക്കിയുള്ള വാക്കുകൾ.
പക്ഷേ, ശബ്ദത്തിന് ഇടർച്ച. എന്തു പറ്റി?
തൊണ്ടയിൽ ചെറിയൊരു ഗ്രോത്തുണ്ട്. 2015-ൽ തുടങ്ങിയതാണ്. ശബ്ദത്തിനു ചെറിയ തടസമുണ്ടായെങ്കിലും പിന്നെ അഞ്ചാറു മാസം കഴിഞ്ഞപ്പോൾ അതു തനിയെ പോയി. വലിയ പ്രശ്നമില്ലെങ്കിലും വീണ്ടും വന്നേക്കുമെന്നു ഡോക്ടർ പറഞ്ഞു. 2019-ൽ വീണ്ടുമതു പ്രത്യക്ഷപ്പെട്ടെങ്കിലും നീണ്ടുനിന്നില്ല.
ഇപ്പോൾ വീണ്ടും തടസമായിട്ടുണ്ട്. വേദനയില്ലെങ്കിലും ഒച്ചയുയർത്തി സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഡോക്ടറെ കണ്ടിട്ടുണ്ട്. രണ്ടു മണിക്കൂർകൊണ്ട് അത് ശരിയാക്കാവുന്നതേയുള്ളെന്നു പറഞ്ഞു. ഇത്തവണ ഏതായാലും അതങ്ങ് ഒഴിവാക്കാമെന്നാണു കരുതുന്നത്. മറ്റ് കാര്യമായ അസുഖമൊന്നുമില്ല എനിക്ക്.
50 വർഷത്തിനിടെ എന്നെങ്കിലും ഇതു വേണ്ടായിരുന്നെന്നു തോന്നിയിട്ടുണ്ടോ?
ഒരു നിമിഷം അദ്ദേഹം നിശബ്ദനായി. എന്തോ ഓർത്തെടുക്കുകയാണ്.
“വേണ്ടായിരുന്നെന്നു തോന്നിയിട്ടില്ല. പക്ഷേ, വേദന തോന്നിയിട്ടുണ്ട്. ജനങ്ങളുമായുള്ള ബന്ധം എനിക്കു വലിയ ശക്തിയായിരുന്നതിനാൽ എല്ലാത്തിനെയും അതിജീവിച്ചു.
അർഹിക്കുന്നതിൽ കൂടുതൽ അവർ എനിക്കു തന്നു. നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ ഒരു ദോഷവും സംഭവിക്കില്ല. ആരോപണങ്ങൾ ഉൾപ്പെടെ എന്തുമാകട്ടെ, അതൊക്കെ താത്കാലികമായിരിക്കും.
2004 ആദ്യം ഞാനൊരു സ്ത്രീയുമൊത്ത് തിരുവനന്തപുരത്തുനിന്ന് അമൃത എക്സ്പ്രസിൽ യാത്ര ചെയ്തു എന്ന മട്ടിൽ ഒരു ആക്ഷേപം പ്രചരിച്ചു. പ്രധാന പത്രങ്ങളൊന്നും അതു കൊടുത്തില്ലെങ്കിലും ഒരു വാരികയിൽ ഉൾപ്പെടെ വന്നു.
ഞാനന്നു യൂഡിഎഫ് കണ്വീനറായിരുന്നു. അതിനു കൃത്യമായി മറുപടി പറഞ്ഞപ്പോൾ സംഗതി ഒത്തിരി മുന്നോട്ടു പോയില്ല. അതങ്ങു തീരുകയും ചെയ്തു. ശരിയാണ് ഒരു സ്ത്രീ എന്റെയൊപ്പമുണ്ടായിരുന്നു. പക്ഷേ, അതെന്റെ ഭാര്യ മറിയാമ്മ ഉമ്മൻ എന്ന സ്ത്രീയായിരുന്നു. ഞാൻ എംഎൽഎ കൂപ്പണിലും ഭാര്യ ടിക്കറ്റെടുത്തുമായിരുന്നു യാത്ര.
ബാങ്ക് ഉദ്യോഗസ്ഥയായ അവർക്ക് തൃശൂർക്കുള്ള ടിക്കറ്റ് കൊടുത്തത് ബാങ്ക് തന്നെയാണ്. ആ ട്രെയിനിൽ പി.സി. ചാക്കോ, ഐഎൻടിയുസി പ്രസിഡന്റ് സുരേഷ് ബാബു എന്നിവരും ധനകാര്യമന്ത്രി ശങ്കരനാരായണന്റെ പ്രൈവറ്റ് സെക്രട്ടിയും കുടുംബവും ഉണ്ടായിരുന്നു. ഇത്രയും പേരുണ്ടായിട്ടും യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമുണ്ടായി.
അതു തെറ്റാണെന്നു തെളിയിക്കാൻ ഒരു വിഷമവുമുണ്ടായിരുന്നില്ല. പക്ഷേ, എന്റെ രാഷ്ട്രീയ ജീവിതത്തിൽ എന്നെ ഏറെ വിഷമിപ്പിച്ച സംഭവമായിരുന്നു അത്. ഈ കഥ പ്രചരിപ്പിച്ചവർ വാർത്തയാക്കുന്നതിനുമുന്പ് എന്നോടൊരു വാക്കു ചോദിച്ചിരുന്നെങ്കിൽ കാര്യങ്ങൾ കൃത്യമായി അറിയാമായിരുന്നു. അതുണ്ടായില്ല.
മൂന്നു മാസത്തിനകം ഞാൻ ആദ്യതവണ മുഖ്യമന്ത്രിയായി. അതു കഴിഞ്ഞപ്പോൾ ഇതു വീണ്ടും ഉയർന്നുവന്നു. അതും കെട്ടടങ്ങി. പക്ഷേ, പിന്നീട് ആലോചിക്കുന്പോൾ എല്ലാം നല്ലതിനായിരുന്നു എന്നു തോന്നി കാരണം, ഇത്തരമൊരു ആരോപണം വന്നതുകൊണ്ട് എന്തുവന്നാലും നേരിടാനുള്ള ഒരു ധൈര്യം എനിക്കുണ്ടായി. പിന്നെയുമുണ്ടായല്ലോ സോളാറുൾപ്പെടെ നിരവധി ആരോപണങ്ങൾ. ഞാൻ പതറിയിട്ടില്ല. തെറ്റു ചെയ്തിട്ടില്ലെങ്കിൽ ദോഷവുമുണ്ടാകില്ല എന്ന ആത്മവിശ്വാസമാണ് ഇന്നും എനിക്കുള്ളത്.
പുതുപ്പള്ളി ദർബാറുകൾ
പുതുപ്പള്ളിയിലെ വീട്ടിലും മുറ്റത്തും ആളുകൾ തിങ്ങിക്കൂടുന്നത് പതിവാണ്. പക്ഷേ, എംഎൽഎ ആയി ആദ്യ പത്തുവർഷക്കാലം ഇതില്ലായിരുന്നു. പാർട്ടിയുടെ ചുമതലകൂടി ഉണ്ടായിരുന്നതിനാൽ മിക്കവാറും യാത്രയായിരുന്നു. വരുന്ന ദിവസം അറിയിക്കും. അന്നു വീട്ടിലെത്തുന്നവരെ കാണുമായിരുന്നു.
പക്ഷേ, കൃത്യതയൊന്നുമില്ലായിരുന്നു. 1980 നുശേഷമാണ് ഞായറാഴ്ചകളിൽ ആളുകളെ കാണാൻ സ്ഥിരമായി എത്തിത്തുടങ്ങിയത്. എവിടെയാണെങ്കിലും ഞായറാഴ്ച വീട്ടിലെത്തും. സർക്കാരോഫീസിലെ തടസങ്ങൾ, വഴിതർക്കം, വീട്ടുകാര്യങ്ങൾ എല്ലാത്തിനും ആളുകൾ എത്തും.
ഇപ്പോൾ പ്രതിപക്ഷത്താണെങ്കിലും മന്ത്രിമാരെയും എൽഡിഎഫ് നേതാക്കളെയുമാക്കെ വിളിച്ച് ജനങ്ങളുടെ പരാതികൾ പറയും. സാധിക്കുന്നത്ര കാര്യങ്ങൾ അവർ നടത്തിത്തരാറുമുണ്ട്.
ശൈലി മാറ്റില്ല
ഇത്തരം ജനസന്പർക്കങ്ങളിൽ ജാഗ്രത വേണമെന്ന് ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളുമൊക്കെ മുന്നറിയിപ്പു നല്കാറുണ്ട്. സകല പരിശോധനകളും നടത്തിയശേഷം ജനങ്ങളെ കാണുകയെന്നതു നടക്കില്ല.
അങ്ങനെ നിയന്ത്രണം വച്ചാൽ ഞാനും ജനങ്ങളും ഒരു മതിലിന് അപ്പുറവും ഇപ്പുറവും നില്ക്കുന്നതുപോലെയാകും. അകൽച്ചയുണ്ടാക്കും. കർശന പരിശോധന നടത്തിയശേഷം മാത്രം ആളെ അനുവദിക്കാൻ പറഞ്ഞാൽ സ്റ്റാഫിനും ഭയമാകും. ഉത്തരവാദിത്വം പിന്നെ അവരുടേതാകുമല്ലോ. എനിക്കു തോന്നുന്നതു ചെയ്യണം.
മറുവശം പഠിക്കാതെയാവും പലപ്പോഴും നടപടികൾ. അതിൽ 10 ശതമാനം തെറ്റാറുമുണ്ട്. അതുകൊണ്ട് ഉദ്യോഗസ്ഥരോടു പറയാറുണ്ട്, എന്റെ തീരുമാനത്തിൽ അപാകതയുണ്ടെങ്കിൽ നേരിട്ടു പറയുകയോ ഫയലിൽ എഴുതുകയോ ചെയ്യണമെന്ന്.
എല്ലാ വശങ്ങളും പഠിക്കാൻ നിന്നാൽ തീരുമാനങ്ങളുണ്ടാകാൻ മാസങ്ങളും വർഷങ്ങളുമെടുക്കും. ആരെയും രഹസ്യമായി കാണാറില്ല. ഓഫീസിലുൾപ്പെടെ കാമറയുണ്ട്. കാമറയിൽ കണ്ടിട്ട് ആൾക്കൂട്ടത്തിലെ ഇന്നയാളെ സൂക്ഷിക്കണം, ശരിയല്ല എന്നൊക്കെ ഫോണിൽ അറിയിക്കാറുണ്ട്.
ഷർട്ടിന്റെ നിറവും മറ്റും പറഞ്ഞിട്ട് ചിലരെ സൂക്ഷിക്കണമെന്ന് അടുപ്പമുള്ളവർ കുറിപ്പ് തരാറുമുണ്ട്. ആയിരത്തിൽ ഒരാളായിരിക്കും കുഴപ്പക്കാർ. അതിന്റെ പേരിൽ പേടിച്ചു മാറില്ല. നാളെയും എന്റെ ശൈലി ഇതായിരിക്കും.
ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ് ആപ്
സോഷ്യൽ മീഡിയ അല്ല, ജനങ്ങളോട് നേരിട്ട് ഇടപഴകുന്ന രീതിയാണ് എന്റേത്. കോട്ടയത്തുള്ളപ്പോൾ പുതുപ്പള്ളിയിലെ വീട്ടിലും തിരുവനന്തപുരത്തുള്ളപ്പോൾ ജഗതിയിലെ “പുതുപ്പള്ളി വീട്ടിലും’ ജനങ്ങൾ എന്നെ കാണാൻ വരുന്നു.
കാര്യമായ വായനയ്ക്കുപോലും സമയമില്ലാതിരിക്കെ ജനങ്ങൾ പറയുന്നതു കേൾക്കുന്നതു പ്രയോജനകരമായ കാര്യങ്ങളാണ്. അതിലൂടെ എനിക്കും പഠിക്കാനുണ്ട്. ഈ ജനങ്ങളാണ് എന്റെ ശക്തി. ലോക്ഡൗണ് കാലത്ത് നിയന്ത്രണമുണ്ടായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും സജീവമാണ്.
വാച്ച് ഇഷ്ടമാണ് പക്ഷേ…
വാച്ച് കെട്ടുന്നത് എനിക്ക് വലിയ ആഗ്രഹമായിരുന്നു. പിതാവിനോടു പറഞ്ഞപ്പോൾ പ്രീ യൂണിവേഴ്സിറ്റിക്കു സിഎംഎസ് കോളജിൽ പഠിക്കുന്ന സമയത്ത് കോട്ടയത്തു കൊണ്ടുവന്നു വാച്ച് വാങ്ങി തന്നു. പക്ഷേ, മറവി സ്ഥിരമായി.
കെഎസ്യു പ്രവർത്തനം സജീവമായപ്പോൾ വാച്ചു മറക്കാൻ തുടങ്ങി. കുളിക്കുന്നിടത്തും മറ്റും മറന്നുവയ്ക്കും. പിന്നെ ആരെയെങ്കിലും വിട്ട് എടുപ്പിക്കേണ്ട സ്ഥിതിയായി. ഒടുവിൽ സ്വന്തമായി വാച്ച് വേണ്ടെന്നു വച്ചു.
കൃത്യതയില്ലാത്ത ഉൗണും ഉറക്കവും
ചെറുപ്പത്തിലേ എനിക്ക് അലക്ഷ്യമായ ഒരു ജീവിതശെലിയുണ്ട്. എങ്കിലും പ്രത്യേക ദൈവാനുഗ്രഹമുണ്ട്. എനിക്ക് ഏതു സമയത്തും ഉറങ്ങാൻ സാധിക്കും.
കാറിൽ കയറിയാൽ 10 മിനിറ്റിനകം ഉറങ്ങാം. അങ്ങനെ സമയം ലാഭിക്കാനും പറ്റും. ഭക്ഷണവും അങ്ങനെ എളുപ്പമുള്ളത് കഴിക്കും. ജനസന്പർക്ക പരിപാടികളിൽ പങ്കെടുക്കുന്പോഴൊക്കെ അങ്ങനെയായിരുന്നു.
ഭക്ഷണം
ഒന്നിനോടും നിർബന്ധമില്ല. പക്ഷേ, കപ്പയുണ്ടെങ്കിൽ ഇഷ്ടമാണ്. കൂട്ടിനു മീൻ വേണമെന്നൊന്നുമില്ല. ചമ്മന്തിയാണെങ്കിലും മതി. ഇതിങ്ങനെ പലപ്പോഴും പത്രക്കാര് എഴുതിയിട്ടുണ്ട്. അതുകൊണ്ട് എനിക്ക് എളുപ്പമായി. എവിടെ ചെന്നാലും ആതിഥേയൻ കപ്പ കരുതും.
കുറെ മുന്പാണ്. എറണാകുളത്തിന്റെ പടിഞ്ഞാറുഭാഗത്തൊരു സ്ഥലത്ത് ചെന്നപ്പോൾ അവിടെയും കപ്പയുണ്ടായിരുന്നു. അവിടെയങ്ങനെ കപ്പ കിട്ടാറില്ലെന്നും ഏറെ കഷ്ടപ്പെട്ടിട്ടാണ് ഇതു സംഘടിപ്പിച്ചതെന്നും പറഞ്ഞ് സ്നേഹത്തോടൊപ്പം അവരു കപ്പയും വിളന്പി.
പക്ഷേ, തിന്നാൻ പറ്റുന്നില്ല. തരിപോലും വെന്തിട്ടില്ല. വീട്ടുകാർ ചുറ്റിനും നില്ക്കുന്നു. തിന്നുന്നില്ലെന്നു പറയാൻ പറ്റുമോ? അവർക്ക് കപ്പ പാചകം ചെയ്തു പരിചയമില്ലാഞ്ഞിട്ടായിരിക്കും. ചിലപ്പോൾ വേവാത്ത കപ്പയാവാം. എന്തായാലും അവർക്കുവേണ്ടി കടിച്ചുപൊട്ടിച്ചു തിന്നു.
മക്കൾരാഷ്ട്രീയം
അവരുടെ കാര്യത്തിൽ ഞാനങ്ങനെ ഇടപെടാറില്ല. അവർക്കു രാഷ്ട്രീയം വേണമെങ്കിൽ ആവാം. എന്റെ സപ്പോർട്ട് പ്രതീക്ഷിക്കാതെ അവരവരുടേതായ രീതിയിൽ മുന്നോട്ടുപോയാൽ മതി.
കേരളരാഷ്്ട്രീയം
ദേശീയരാഷ്ട്രീയത്തെക്കാൾ ഇഷ്ടം കേരളത്തിൽ പ്രവർത്തിക്കുന്നതാണ്. ഇതുവരെ കേരളത്തിൽ നിന്നാണല്ലോ പ്രവർത്തിച്ചത്. എന്റെ സുഹൃത് വലയവും അടുപ്പവും മണ്ഡലവുമെല്ലാം കേരളത്തിലാണ്. ഞാൻ അവകാശപ്പെടുന്നത് ഏറ്റവും വലിയ സന്പത്തുള്ള ഒരു രാഷ്്ട്രീയക്കാരനാണ് ഞാനെന്നാണ്.
എന്റെ സന്പത്തെന്നു പറയുന്നത് ജനങ്ങളുടെ സ്നേഹമാണ്. വളരെയധികം സ്നേഹം കിട്ടുന്ന വലിയ സന്പന്നനായ ഒരാളാണ് ഞാൻ. ആ സന്പത്ത് അവഗണിച്ചുപോകാൻ ഞാൻ തയാറല്ല.
പുതുപ്പള്ളിക്കോട്ട
ആരോടും വിരോധം വച്ചുകൊണ്ട് പ്രവർത്തിക്കാറില്ല. എവിടെയും കടന്നുചെല്ലാൻ എനിക്കു കഴിയും. രാഷ്ട്രീയമെന്നു പറഞ്ഞാൽ അക്രമവും ആക്ഷേപങ്ങളും തർക്കങ്ങളും സംഘർഷങ്ങളുമൊന്നുമല്ലെന്നു വിശ്വസിക്കുന്നയാളാണു ഞാൻ.
ജനങ്ങളുടെ മനസ് പിടിച്ചുപറ്റാൻ സാധിക്കണം. അതിനുള്ള പ്രവർത്തനങ്ങളാണ് രാഷ്ട്രീയക്കാർ ചെയ്യേണ്ടത്. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ജനങ്ങൾക്കു നന്മ ചെയ്യാനാണ് ശ്രമിക്കേണ്ടത്. അങ്ങനെ പിന്തുണയാർജിക്കണം. ഇതൊക്കെയാണ് പുതുപ്പള്ളിയിലും ചെയ്യുന്നത്.
ദൈവവിശ്വസം
ചെറുപ്പം മുതൽ പള്ളിയിൽ പോക്കും ആരാധനയുമൊക്കെയുണ്ട്. അത് ഇപ്പോഴും തുടരുന്നുണ്ട്. പിന്നെ പലപ്പോഴും ഉണ്ടായിട്ടുള്ള പൂർണമായും ശരിയായ ചില അനുഭവങ്ങൾ ഉണ്ട്.
നമ്മൾ തെറ്റു ചെയ്തിട്ടില്ലെങ്കിൽ ഭയപ്പെടാനില്ലെന്ന് എന്റെ വിശ്വാസം എന്നെ ഓർമിപ്പിക്കുന്നു. തെറ്റു പറ്റാതിരിക്കാനും ഇതേ വിശ്വാസം എന്നെ സഹായിക്കുന്നുണ്ട്. ലോക്ഡൗണ് തുടങ്ങിയതിൽ പിന്നെ പള്ളിയിൽപോക്ക് നടക്കുന്നില്ല.
ഇഷ്ടമുള്ള നേതാവ്
കൂടുതലൊന്നും ആലോചിക്കാനില്ല. മഹാത്മാഗാന്ധി. അദ്ദേഹം പറയുന്നതുതന്നെ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്പോൾ എനിക്കു നാലു വയസേയുള്ള. വല്യപ്പൻ വന്നു സ്വാതന്ത്ര്യം കിട്ടിയതും മഹാത്മജിയെക്കുറിച്ചു പറയുന്നതുമൊക്കെ നേരിയ ഓർമപോലെയുണ്ട്.
50ന്റെ അനുഭവം
രാഷ്ട്രീയത്തിൽ സൗഹൃദം നഷ്ടപ്പെടുത്തരുത്. സ്വാതന്ത്ര്യസമരകാലം ത്യാഗത്തിന്റെ കാലമായിരുന്നു. പൊതുലക്ഷത്തിനുവേണ്ടി നാം ഒറ്റക്കെട്ടായി നിന്നു. അതിൽ പങ്കെടുത്തിട്ടില്ലാത്തവരും അതോർത്ത് അഭിമാനിക്കുന്നു. ജനങ്ങൾ ആഗ്രഹിക്കുന്നത് രാഷ്ട്രനിർമാണമാണ്. ജനാധിപത്യത്തിലാണ് അവർ അഭിമാനിക്കുന്നത്.
ഭരണാധികാരികളും ഉദ്യോഗസ്ഥരും ജനങ്ങൾക്കായി പ്രവർത്തിക്കണം. അധികാരത്തിനുവേണ്ടി ഇപ്പോൾ പലതും ബലികഴിക്കപ്പെടുന്നു. സൗഹൃദ അന്തരീക്ഷം ഇല്ലാതാകുന്നു. 50 കൊല്ലം മുന്പ് ഇതിലും നല്ല അന്തരീക്ഷമായിരുന്നു. ഇങ്ങനെപോയാൽ പൗരന്മാർക്ക് ജനാധിപത്യത്തിലുള്ള വിശ്വാസമില്ലാതാകും. അതു സംഭവിക്കരുത്.
അടുത്ത തെരഞ്ഞെടുപ്പ്
ജനങ്ങളും പാർട്ടിയും തീരുമാനിച്ചാൽ രംഗത്ത് ഉണ്ടാകും.