സ്വന്തം ലേഖകൻ
തൃശൂർ: കിറ്റുകളുടെയും ക്ഷേമപെൻഷനുകളുടേയും കാര്യത്തിൽ എൽഡിഎഫ് സർക്കാർ ഉന്നയിക്കുന്ന അവകാശവാദം വെറും പൊള്ളയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി.
യുഡിഎഫ് സർക്കാർ ഓണം, ക്രിസ്മസ്, റംസാൻ എന്നിവയോടനുബന്ധിച്ച് സൗജന്യ കിറ്റ് നൽകിയിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ അതു നിർത്തിക്കളഞ്ഞു. ഇപ്പോൾ വോട്ടെടുപ്പിനടുത്ത മാസങ്ങളിലായി സൗജന്യ കിറ്റ് നൽകുകയാണ്.
2011 ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരി നൽകിയിരുന്നു.
സംസ്ഥാനത്ത് 12.9 ലക്ഷം പേർക്കു നൽകിയിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ 34 ലക്ഷം പേർക്കായി വർധിപ്പിച്ചു.
വിവിധ ക്ഷേമ ബോർഡുകളുടെ പെൻഷനുള്ളവർക്ക് സാമൂഹ്യ ക്ഷേമ പെൻഷനുകളും നൽകിയിരുന്നു. യുഡിഎഫ് സർക്കാർ വിവിധ വിഭാഗങ്ങളിലായി അവശതയനുഭവിക്കുന്നവർക്ക് നൽകിയിരുന്ന ഒന്നിലേറെ ക്ഷേമ പെൻഷനുകൾ വെട്ടിക്കുറച്ച് ഒറ്റ പെൻഷനാക്കിയെന്നതാണ് എൽഡിഎഫ് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത്.
ഇപ്പോൾ പെൻഷനുവേണ്ടിയുള്ള അപേക്ഷകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. ആർക്കും പുതുതായി പെൻഷൻ അനുവദിക്കുന്നുമില്ല.ജനങ്ങൾ നടത്തിയ സർവേയുടെ റിപ്പോർട്ട് മേയ് രണ്ടിനു പുറത്തുവരുമെന്നും അതിലാണു യുഡിഎഫിനു വിശ്വാസമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
തെരഞ്ഞെടുപ്പു ഫല പ്രവചനത്തിനു സർവേ നടത്തിയവരോടു നന്ദിയുണ്ട്. കോണ്ഗ്രസ് പ്രവർത്തകരെ കൂടുതൽ ജാഗ്രതയുള്ളവരാക്കാൻ സർവേകൾക്കു കഴിഞ്ഞു. തൃശൂർ പ്രസ് ക്ലബിൽ “ജനശബ്ദം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്ഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ചെറുപ്പക്കാർക്ക് 55 ശതമാനം അവസരം നൽകിയിട്ടുണ്ട്. മികച്ച സ്ഥാനാർഥി പട്ടികയാണ് യുഡിഎഫും കോൺഗ്രസും മുന്നോട്ടുവച്ചത്. യുഡിഎഫിന്റേത് ജനങ്ങളുടെ പ്രകടന പത്രികയാണ്.
സോളാർ കേസിൽ തെളിവില്ലെന്ന റിപ്പോർട്ടിൽ അമിതമായ സന്തോഷമോ ആശങ്കയോ ഇല്ല. തെറ്റു ചെയ്തിട്ടില്ലെന്ന് എനിക്കു നല്ല ബോധ്യമുണ്ട്.
ഏതു നിമിഷവും എന്നെ അറസ്റ്റു ചെയ്യാവുന്ന വകുപ്പുകൾ ചേർത്താണു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അതിനെതിരേ കോടതിയെ സമീപിക്കാൻപോലും ഞാൻ തയാറായില്ല- ഉമ്മൻ ചാണ്ടി പറഞ്ഞു.