കോട്ടയം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് ആരെങ്കിലും ചർച്ചയ്ക്ക് മുൻകൈയെടുത്താൽ സഹകരിക്കുമെന്ന് ഉമ്മൻ ചാണ്ടി. പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീർക്കണമല്ലോയെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയത്ത് ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേൽക്കുന്ന യോഗത്തിൽനിന്ന് വിട്ടുനിന്നതിൽ അപാകതയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സാധാരണ ഇത്തരം പരിപാടികളിൽ താൻ പങ്കെടുക്കാറില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.ഡിസിസി പ്രസിഡന്റുമാരെ സംബന്ധിച്ചു ഫലപ്രദമായ ചർച്ച നടന്നിരുന്നെങ്കിൽ ഇതിലും മികച്ചവരെ കണ്ടെത്താനാകുമായിരുന്നെന്നാണ് ഉമ്മൻ ചാണ്ടി നേരത്തേ പറഞ്ഞിരുന്നത്.
പട്ടിക സംബന്ധിച്ചു ചർച്ച നടത്തിയെന്ന് വരുത്തി. പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞു. ചർച്ചയൊന്നും നടന്നില്ല. അതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നും ഉമ്മന് ചാണ്ടി പറഞ്ഞു.