തിരുവനന്തപുരം: കിഫ്ബിയിൽ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ യുഡിഎഫ് സർക്കാരിന്റെ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തന്ത്രം വിലപ്പോകില്ലെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2002ൽ 10 കോടിയും 2003ൽ 505 കോടിയും രൂപയുമാണ് വൻകിട പദ്ധതികൾക്ക് കടമെടുത്തത്. രാജ്യത്തിനകത്തുനിന്നാണ് ഈ തുക സമാഹരിച്ചത്.
2008ൽ തിരിച്ചടവ് പൂർത്തിയായി.എന്നാൽ ഇടതുസർക്കാർ ഭരണഘടനയുടെ 293(1) അനുച്ഛേദം ലംഘിച്ച് 2150 കോടി രൂപയുടെ മസാല ബോണ്ട് 9.773 ശതമാനം പലിശ നിരക്കിൽ വിദേശത്തു വിറ്റു.
അഞ്ചു വർഷ കാലാവധി കഴിയുന്പോൾ 3195.23 കോടി രൂപ തിരിച്ചടയ്ക്കണം. യുഡിഎഫ് സർക്കാർ സമാഹരിച്ച തുക ട്രഷറിയിൽ അടച്ചപ്പോൾ ഇടതുസർക്കാർ തുക സ്വകാര്യബാങ്കിൽ നിക്ഷേപിച്ചു. അതു വിവാദമായപ്പോഴാണ് പൊതുമേഖലാ ബാങ്കിലേക്കു മാറ്റിയത്.
60,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നല്കിയപ്പോൾ, കിഫ്ബിയിലുള്ളത് 15,315 കോടി രൂപയാണ്. നാലര വർഷം ശ്രമിച്ചിട്ടു കിട്ടിയ തുകയാണിത്. ഈ നിരക്കിൽ 60,000 കോടി സമാഹരിക്കാൻ 20 വർഷമെങ്കിലും വേണ്ടിവരും.
പണമില്ലെങ്കിലും പദ്ധതികൾ തുടർച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. കിഫ്ബിയിൽനിന്ന് വലിയൊരു തുക സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചെലവാക്കുന്നു.
പിആർഡിയെ മറികടന്ന് കിഫ്ബിയാണ് ഇപ്പോൾ പ്രധാനമായും സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. വൻകിട പദ്ധതികൾക്ക് ചെലവാക്കേണ്ട തുകയാണിത്.
കിട്ടുന്നിടത്തുനിന്നൊക്കെ വാങ്ങിക്കൂട്ടി കേരളം ഇപ്പോൾ വലിയ കടത്തിലാണ്. ഈ സർക്കാർ അധികാരമൊഴിയുന്പോഴേക്കും കടം മൂന്നു ലക്ഷം കോടി കവിയും. കേരളത്തിലെ ഓരോ പൗരനും പിറന്നു വീഴുന്ന ഓരോ കുഞ്ഞും 90,000 രൂപയുടെ കടത്തിലാണെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.