തിരുവനന്തപുരം: ഭരണഘടനാ അധികാരത്തെ മറികടന്നുകൊണ്ടാണു ഗവർണർ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതെന്ന് കോണ്ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. ഗവർണറുടെ നടപടി ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ടാൽ ഒരു സാഹചര്യത്തിലും നോ പറയാൻ സാധിക്കില്ല. ഇതിനെ എതിർക്കാൻ സർക്കാർ ഭയപ്പെടുന്നത് പോലെയാണു മൃദുസമീപനം കാണുന്പോൾ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടു പ്രമേയം പാസാക്കാനായി ബുധനാഴ്ച വിളിച്ചുചേർക്കാൻ നിശ്ചയിച്ച നിയമസഭാ സമ്മേളനത്തിനാണ് ഗവർണർ അനുമതി നിഷേധിച്ചത്. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി, നിയമസഭ വിളിച്ചുചേർക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നു ഗവർണർ സർക്കാരിനെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച മന്ത്രിസഭാ യോഗം ചേർന്നാണ് ജനുവരി എട്ടിനു നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാൻ തീരുമാനിച്ചത്. മന്ത്രിസഭാ നിർദേശം കഴിഞ്ഞ ഞായറാഴ്ച ഗവർണർ അംഗീകരിച്ചു.
തൊട്ടടുത്ത തിങ്കളാഴ്ച മന്ത്രിസഭാ യോഗം ചേർന്നു എട്ടു മുതലുള്ള നിയമസഭാ സമ്മേളനം റദ്ദാക്കണമെന്നും കർഷക സമരത്തിനെതിരേ പ്രമേയം പാസാക്കാൻ 23 നു നിയമസഭാ സമ്മേളനം വിളിക്കണമെന്നും നിർദേശിച്ചു ഗവർണർക്കു ശിപാർശ നൽകി.
എന്നാൽ, ഒരു നിയമസഭാ സമ്മേളനത്തിന് അനുമതി നൽകിയിരിക്കേ, അതിനു മുകളിൽ മറ്റൊരു നിയമസഭാ സമ്മേളനത്തിന് അനുമതി നൽകാൻ എന്ത് അടിയന്തര സാഹചര്യമാണു നിലവിൽ ഉള്ളതെന്നു രാജ്ഭവൻ സർക്കാരിനെ അറിയിച്ചു.
തുടർന്നു കർഷക സമരം നിലനിൽക്കുന്ന സാഹചര്യത്തിൽ കർഷക താൽപര്യം സംരക്ഷിക്കേണ്ടതു സർക്കാരിന്റെ ബാധ്യതയാണെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷത്തിനും സമാന അഭിപ്രായമാണുള്ളതെന്നും അറിയിച്ചു സർക്കാർ മറുപടി നൽകി.
ഗവർണറുടെ മറുപടിക്കായി ഒരു പകൽ മുഴുവൻ സർക്കാരും നിയമസഭയും കാത്തിരുന്നു. വൈകുന്നേരത്തോടെ അനുമതി നിഷേധിച്ചു കൊണ്ടുള്ള രാജ്ഭവന്റെ മറുപടി മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ചു.
ആദ്യ സഭാ സമ്മേളനത്തിനു ശിപാർശ നൽകിയപ്പോൾ, കർഷക സമരം നിലനിൽക്കുന്നുണ്ടെന്നും കഴിഞ്ഞ മൂന്നു ദിവസത്തിനകമല്ല കർഷക സമരം രൂപം കൊണ്ടതെന്നും അതിനാൽ നിയമസഭ വിളിക്കേണ്ട അടിയന്തര സാഹചര്യം നിലവിൽ ഇല്ലെന്നും വ്യക്തമാക്കിയാക്കി ആയിരുന്നു രാജ്ഭവന്റെ രണ്ടാം മറുപടി.