തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി കേരളത്തിൽ സജീവമായി ഉണ്ടാകുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷൻ ഉമ്മൻചാണ്ടി.
സമിതിയുടെ ആദ്യ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. തോമസ് സമുന്നതനായ നേതാവാണെന്നും അദ്ദേഹം കോൺഗ്രസിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി പറയുന്നവരെ തള്ളിക്കളയില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ജനുവരി 31ന് മഞ്ചേശ്വരത്തു നിന്നും ആരംഭിക്കും. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഐശ്വര്യകേരള യാത്രയിൽ കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ധിഖ് മലപ്പുറം ജില്ലയുടെയും കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി. വേണുഗോപാൽ വയനാട്, ആലപ്പുഴ ജില്ലകളുടെയും ചുമതല വഹിക്കും. മറ്റ് സ്ഥലങ്ങളിൽ അതാത് എംപിമാർ നേതൃത്വം നൽകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് മുന്നോടിയായി ശശി തരൂർ എംപി അഞ്ച് സ്ഥലങ്ങളിൽ ജനങ്ങളുമായി ചർച്ച നടത്തുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പത്രിക ജനങ്ങളുടെ വികാരങ്ങൾ മാനിക്കുന്നതാകുമെന്നും അത് ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതായിരിക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.