തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ടു തന്നെ ബ്ലാക്ക്മെയിൽ ചെയ്തത് കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചില മാധ്യമങ്ങളിൽ ബാലകൃഷ്ണപിള്ളയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചത് രാഷ്ട്രീയക്കാരനല്ലെന്നും ആരാണെന്നുള്ളത് സമയമാകുന്പോൾ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സോളാർ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്ന നിലപാടിൽ മാറ്റമില്ല. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും സർക്കാർ പ്രതികാര രാഷ്ട്രീയ കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സരിതയുടെ കത്ത് തെളിവായി സ്വീകരിച്ച കമ്മീഷൻ അതിന്റെ ആധികാരികത ഒരിക്കൽ പോലും പരിശോധിച്ചുവെന്ന് തോന്നുന്നില്ല. രണ്ടു കത്തുണ്ടായ സാഹചര്യവും കമ്മീഷൻ പരിഗണിച്ചില്ല. വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ യാതൊരു തർക്കവുമില്ലെന്നും കേസ് ഒറ്റക്കെട്ടായി പാർട്ടി നേരിടുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.