ചാലക്കുടി: കോണ്‍ഗ്രസിനെ ദുർബലപ്പെടുത്തിയാൽ മാർക്സിസ്റ്റ്പാർട്ടിക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കം ജാഥയുടെ തൃശൂർ ജില്ലാ സമാപന സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തിന്റെ പരാജയം മറച്ചുവയ്ക്കാൻ കോണ്‍ഗ്രസ് നേതാക്കളുടെ പേരിൽ കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുകയാണ് പിണറായി വിജയനെന്നും സത്യം ജയിക്കും സിപിഎമ്മും പിണറായി വിജയനും നാണം കെടേണ്ടിവരുമെന്നും ഉമ്മൻചാണ്ടി തുടർന്നുപറഞ്ഞു. യുഡിഎഫ് ഭരണം അട്ടിമറിക്കാൻ സിപിഎം 10 കോടി വാഗ്ദാനം ചെയ്തുവെന്നു പറഞ്ഞ വ്യക്തിയുടെ മാറ്റിമാറ്റിപ്പറയുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അവകാശപ്പെടുന്നത് തങ്ങളാണ് ബിജെപിയെ പ്രതിരോധിക്കുന്നതെന്നാണ്. എന്നാൽ ആയുധംകൊണ്ടല്ല രാഷ്ട്രീയമായിട്ടാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കാത്ത കക്ഷി കോണ്‍ഗ്രസാണ്. ഇടതുമുന്നണിയുടെ 18 മാസത്തെ ഭരണത്തിൽ 18 കൊലപാതകം നടന്നുവെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. സർക്കാരിനെതിരെ ഒരു മന്ത്രി തന്നെ കോടതിയിൽ കേസുകൊടുത്തിരിക്കുന്നു. എവിടെയാണ് കൂട്ടു ഉത്തരവാദിത്വമെന്നു അദ്ദേഹം ചോദിച്ചു.
അഞ്ചുവർഷം നിത്യോപയോഗസാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്നു പറഞ്ഞ് അധികാരത്തിൽ കയറിയതാണ് ഇടതുമുന്നണി ഇപ്പോൾ എന്താണ് സ്ഥിതി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.
എഐസിസി സെക്രട്ടറിമാരായ സിനിമാനടി നഗ്മ, സുധാകർ റെഡി, പി.സി.ചാക്കോ, യുഡിഎഫ് നേതാക്കളായ സി.പി.ജോണ്‍, മുൻമന്ത്രി ഡോ. എം.കെ.മുനീർ, ഡി.ദേവരാജൻ, മുൻമന്ത്രി കെ.പി.മോഹനൻ, ജോണി നെല്ലൂർ, സനൽ, മാത്യു കുഴൽനാടൻ, എം.സി.ആഗസ്തി എന്നിവർ പ്രസംഗിച്ചു.