എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയില്‍ ഒതുക്കപ്പെട്ടതില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. കൈവശം ഉണ്ടായിരുന്ന ഇടുക്കിയും കൊല്ലവും നഷ്ടപ്പെട്ടതിലാണ് എ ശക്തമായ പ്രതിഷേധമുള്ളത്. ഇടുക്കിയില്‍ യൂത്തു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനും കൊല്ലത്ത് മുന്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ പി.സി വിഷ്ണുനാഥിനേയും പ്രസിഡന്റുമാരാക്കണമെന്നതായിരുന്നു എ വിഭാഗത്തിന്റെ ആവശ്യം. ഇരുവരും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരും. എന്നാല്‍ ഇരുവരേയും വെട്ടി ഇബ്രാഹിം കുട്ടി കല്ലാറും ബിന്ദുകൃഷ്ണയും പ്രസിഡന്റുമാരായി. നഷ്ടം എ ഗ്രൂപ്പിനാണെങ്കിലും അതിന്റെ ആഘാതം ചെന്നു പതിക്കുന്നത് ഉമ്മന്‍ചാണ്ടിയിലാണ്. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശങ്ങളെ ഹൈക്കമാന്‍ഡ് അവഗണിച്ചെന്നാണ് എ ഗ്രൂപ്പിന്റെ പരാതി.
സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടെ പിടി അയയുന്ന സൂചന ഉണ്ടായാല്‍ അതു ഗ്രൂപ്പിന് ഉണ്ടാക്കാന്‍ പോകുന്ന നഷ്ടം ചെറുതല്ലെന്ന് എ കണക്കു കൂട്ടുന്നു. കെ.പി.സി.സി മുതല്‍ ബ്ലോക്കുതലം വരെയുള്ള പുനഃസംഘടനയിലും 2019ലെ ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അതിന്റെ സ്വാധീനം വ്യക്തമാകും. ഇതു കൊണ്ട് എ ഗ്രൂപ്പ് ശക്തമാക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. രഹസ്യയോഗങ്ങള് ഉടന്‍ പലയിടത്തും എ ഗ്രൂപ്പ് വിളിച്ചു കൂട്ടും. ഇതിലായിരിക്കും ഓരോ ജില്ലകളിലും എന്തു നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കുക. ഉമ്മന്‍ചാണ്ടി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സജീവമല്ലെന്ന പരാതി എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ തന്നെയുണ്ട്. ഇതിന് മാറ്റവരുത്തണമെന്ന ആവശ്യം അദ്ദേഹത്തോട് തന്നെ ഉന്നയിക്കും.
ഗ്രൂപ്പിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശക്തമായ നീക്കങ്ങള്‍ തന്നെ ഉണ്ടാകുമെന്നു തന്നെയാണ് എ ഗ്രൂപ്പു നേതാക്കള്‍ പറയുന്നത്. ഇതിനുവേണ്ടി ഐ ഗ്രൂപ്പിനോടും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനോടും ഇടഞ്ഞു നില്‍ക്കുന്നവരെ തങ്ങളുടെ കൂടെ കൂട്ടാനുള്ള നീക്കങ്ങളും എ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ഡി.സി.സി പുനഃസംഘടനയെ സ്വാധീനിച്ചുവെന്നാണ് സൂചന. ഐയും എയും തുല്യമായി പങ്കിട്ടിരുന്ന പതിവ് കീഴ് വഴക്കം തെറ്റിച്ച് ഐ ഗ്രൂപ്പിന് കൃത്യമായ മേധാവിത്വം പുനഃസംഘടനയില്‍ ഉണ്ടായിരിക്കുന്നു.
എട്ടു ഡി.സി.സികള്‍ ഐയ്ക്ക് ലഭിച്ചപ്പോള്‍ അഞ്ചെണ്ണം കൊണ്ട് എയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു. തൃശൂരില്‍ വി.എം സുധീരന്റെ അനുയായി ടി.എന്‍ പ്രതാപന് പ്രസിഡന്റാവുകയും ചെയ്തു. പുനഃസംഘടനയിലൂടെ ഐ ഗ്രൂപ്പ് കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പായതോടെ എ ഗ്രൂപ്പ് ഇതിനു തടയിടാനുള്ള ശ്രമമാരംഭിക്കും. തങ്ങളുടെ കൂടെ നില്ക്കുന്ന നേതാക്കളും അണികളും മറുകണ്ടം ചാടാനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള നീക്കം എ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിന് ആദ്യപടിയായി ഡി.സി.സി പുനഃസംഘടനയിലെ ഒതുക്കപ്പെടലിനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കും. എ ഗ്രൂപ്പ് പ്രതിനിധികള്‍ ഡല്‍ഹിയില്‍ പോയി പരാതി നല്‍കണമെന്ന അഭിപ്രായമാണുള്ളത്. ഇതിനു പുറമേ ഐ ഗ്രൂപ്പുമായി പല കാര്യങ്ങളിലും തുടരുന്ന സഹകരണം ഇനി അത്രമേല്‍ വേണ്ടന്നെ നിലപാടിലും എത്തിയിട്ടുണ്ട്.