ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. എംഎൽഎ സ്ഥാനത്തിരുന്നുകൊണ്ട് ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച നടന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഉമ്മൻ ചാണ്ടിയുടെയും സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെ എന്ന് ധാരണയായിരുന്നു. ഇതിനു, പിന്നാലെയാണ് മത്സരിക്കില്ല എന്ന് അദ്ദേഹം ആവർത്തിച്ചത്.
നേരത്തെ, വി.എം.സുധീരൻ, കെ.സി.വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ തുടങ്ങിയ നേതാക്കളെല്ലാം മത്സര രംഗത്തേക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് ഇതിൽ ഹൈക്കമാൻഡ് അതൃപ്തി രേഖപ്പെടുത്തിയതോടെ കണ്ണൂരിൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് സുധാകരൻ വ്യക്തമാക്കി.
ഡൽഹിയിൽ സംഘടനാ ചുമതലകൾ ഏകോപിപ്പിക്കുന്ന തിരക്കുകൾ പരിഗണിച്ച് കെ.സി വേണുഗോപാൽ മത്സരിക്കേണ്ടതില്ലെന്ന് കാര്യം അംഗീകരിച്ചുവെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
എന്നാൽ, മുല്ലപ്പള്ളി, ഉമ്മൻ ചാണ്ടി എന്നിവരുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെയെന്നായിരുന്നു സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന്റെ ആകെ അഭിപ്രായം.