ബർലിൻ: ഇന്നലെ ജർമനിയിലെത്തിയ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സ മറ്റന്നാൾ ആരംഭിക്കുമെന്നു സൂചന. ഇന്നു ആശുപത്രിയിൽ എത്തി ഡോക്ടർമാരെ കാണും.
ആവശ്യമെങ്കിൽ ചെറിയ ശസ്ത്രക്രിയ വേണ്ടിവന്നേക്കും. ഡോക്ടർമാരുടെ സംഘം ഒന്പതിനു വിദഗ്ധ പരിശോധന തുടങ്ങും. ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം ഫ്രാങ്ക്ഫർട്ടിലാണു വിമാനമിറങ്ങിയത്.
ഇന്നു രാവിലെ ബർലിനിലേക്കു പോകും. ബർലിനിലെ ചാരിറ്റി ക്ലിനിക്കിലാണു ചികിത്സ. മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എംപി, ജർമൻ ഭാഷ അറിയാവുന്ന കോണ്ഗ്രസ് പ്രവർത്തകൻ ജിൻസണ് എന്നിവരാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിക്കൊപ്പമുള്ളത്.
മകൾ അച്ചു ഉമ്മൻ നാളെ ജർമ്മനിയിലെത്തും. ഇന്നലെ പുലർച്ചെ 3.30നാണു തിരുവനന്തപുരത്തുനിന്നും ഉമ്മൻ ചാണ്ടി പുറപ്പെട്ടത്. ദോഹവഴിയായിരുന്നു വിമാനം.
ജർമനിയിലെത്തിയ ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളി സ്വദേശികൾ സ്വീകരിച്ചു.