കോട്ടയം: അഞ്ച് പതിറ്റാണ്ടുകളായി പുതുപ്പള്ളിയിലെ ജനപ്രതിനിധിയായ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50-ാം വാർഷികത്തിന് പുതുപ്പള്ളിയും കോട്ടയവും ഒരുങ്ങുന്നു. രണ്ടിടങ്ങളിലും അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ബോർഡുകളും ബാനറുകളും നിരന്നു.
സുകൃതം, സുവർണം എന്ന പേരിൽ മാമ്മൻ മാപ്പിള ഹാളിൽ 17നു വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങ് കോണ്ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. സൂം ആപ്പിലൂടെയാണ് സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത്.
മാമ്മൻ മാപ്പിള ഹാളിൽ താഴത്തെ നിലയിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് പരിപാടികൾ. 16 ലക്ഷം പേർക്ക് ഒരേ സമയം വീക്ഷിക്കാനാവും വിധം വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തുന്ന ചടങ്ങ് ലോകമെന്പാടും കാണാൻ സാധിക്കും വിധമാണ് ക്രമീകരിക്കുന്നത്.
സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക, ആധ്യാത്മിക മേഖലകളിലുള്ള 50 പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഇതിവൃത്തമാക്കിയ പ്രത്യേക പരിപാടി വൈകുന്നേരം അഞ്ചിന് അവതരിപ്പിക്കും.
17ന് രാവിലെ മുതൽ പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നടക്കുന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടി പങ്കുചേരും. രാഹുൽ ഗാന്ധി, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവർ ആശംസകൾ അർപ്പിക്കും. ര
മേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ നേരിട്ടും യുഡിഎഫ് ഘടകകക്ഷി നേതാക്കളും, ഇടതു മുന്നണി നേതാക്കളും നേരിട്ടും ഓൺലൈനിലൂടെയും ചടങ്ങിൽ പങ്കെടുക്കും.
മാമ്മൻ മാപ്പിള ഹാളിൽ തെരഞ്ഞെടുക്കപ്പെട്ട 50 പേർക്കു മാത്രമായിരിക്കും പ്രവേശനം.ചടങ്ങുകൾ തത്സമയം പ്രദർശിപ്പിക്കുന്നതിനു ജില്ലയിലെ 500 കേന്ദ്രങ്ങളിൽ എൽഇഡി വോളുകൾ സ്ഥാപിക്കും. മഴ വന്നാൽ നനയാതിരിക്കാനും ക്രമീകരണമുണ്ടാകും.
ആഘോഷങ്ങളുടെ ഭാഗമായി 100 അടി നീളത്തിലും അഞ്ച് അടി വീതിയിലും തയാറാക്കുന്ന ബോർഡ് മാമ്മൻ മാപ്പിള ഹാളിന്റെ പ്രധാന കവാടത്തിനു മുന്പിലും സ്ഥാപിക്കും.
കോട്ടയം നഗരത്തിലും പുതുപ്പള്ളിയിലും പ്രധാന കേന്ദ്രങ്ങളിലും നഗര കവാടങ്ങളിലും കോണ്ഗ്രസ് പതാകകൾ നിരന്നു കഴിഞ്ഞു. ജില്ലാ കോണ്ഗ്രസ് കമ്മറ്റി ഓഫീസിനു മുന്പിലും കൂറ്റൻ ബോർഡുകളും ബാനറുകളും സ്ഥാപിച്ചു കഴിഞ്ഞു.