കോട്ടയം: ഉമ്മൻചാണ്ടി നിയമസഭയിൽ എത്തിയിട്ട് നാളെ അന്‍പതാണ്ട്. പതിവ് ശൈലികൾക്ക് മാറ്റമില്ലാതെ നാളെ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിലുണ്ടാകും.
ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങുവാൻ ഇന്നു വൈകുന്നേരം കോട്ടയത്തെത്തുന്ന ഉമ്മൻ ചാണ്ടി നാളെ രാവിലെ ഏഴിനു പുതുപ്പള്ളി പള്ളിയിലെ വിശുദ്ധ കുർബാനയിൽ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുക്കും.
സഹോദരി വൽസമ്മയുടെ വീട്ടിൽ പ്രാതൽ. തുടർന്നു കരോട്ട് വള്ളക്കാലിൽ വീട്ടിലേക്ക്. 10 മുതൽ പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും സ്വീകരണം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണു സമ്മേളനങ്ങൾ. ഉച്ചകഴിഞ്ഞു മൂന്നിനു മാമ്മൻ മാപ്പിള ഹാളിലേക്കു പോകും.
നിയമസഭാ പ്രവേശനത്തിന്റെ 50-ാം വാർഷികാഘോഷം നാളെ വൈകുന്നേരം അഞ്ചിനു മാമ്മൻ മാപ്പിള ഹാളിൽ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ 50 പേർക്കാണു പ്രവേശനം. ഉച്ചകഴിഞ്ഞു മൂന്നിനു ദേശഭക്തി ഗാനത്തോടെ ആരംഭിക്കും.4.30നു ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പ്രവേശനം. ഉമ്മൻ ചാണ്ടിയുടെ ജീവിത രേഖ പ്രദർശനം. അഞ്ചു മുതൽ 6.30 വരെ സമ്മേളനം.
ഏഴ് മുതൽ എട്ടു വരെ വിവിധ സ്ഥലങ്ങളിലുള്ളവർ ഓണ്‍ലൈനിൽ തൽസമയം അനുഭവങ്ങൾ പങ്കുവയ്ക്കും. എട്ടിനു സമാപനം. ഇരിപ്പിടങ്ങളിൽ ഇരുന്നു തന്നെ ആശംസകൾ അറിയിക്കും വിധമാണു പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ അധ്യാപകൻ പി.ഐ. ചാണ്ടി, സ്കറിയാ തൊമ്മി പറപ്പള്ളി, ശിവരാമൻ എന്നിവർ ക്ഷണിതാക്കളാകുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ വീഡിയോ കോണ്‍ഫറൻസ് വഴി പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ ടീമിനെ വിന്യസിക്കും.
ആരോഗ്യവകുപ്പ്, വൈദ്യുതി വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവരും സഹായത്തിനുണ്ടാകും. സംസ്ഥാനത്തെ 14 ഡിസിസി ഓഫീസുകളിലും ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളിലും ചടങ്ങ് തൽസമയം കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്. രാത്രി ഒന്പതിനു തിരുവനന്തപുരത്തേക്കു മടക്കം.
സുകൃതം, സുവർണം… ഉമ്മൻചാണ്ടിയുടെ നിയമസഭാ സുവർണ ജൂബിലിയ്ക്കായി പുതുപ്പള്ളിയും കോട്ടയവും ഒരുങ്ങി