കോട്ടയം: കേരള നിയമസഭയിൽ അഞ്ചു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇന്നത്തെ ദിവസം പതിവു പോലെ ആരംഭിച്ചു.
ഇന്നലെ രാത്രിയിൽ കോട്ടയത്ത് എത്തിയ ഉമ്മൻ ചാണ്ടി ഇന്നു രാവിലെ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ കുർബാനയിൽ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്തു.
തുടർന്നു പതിവു പോലെ സഹോദരി വൽസമ്മയുടെ വീട്ടിലെത്തി പ്രഭാത ഭക്ഷണം കഴിച്ചശേഷം കരോട്ടവള്ളക്കാലിൽ വീട്ടിലെത്തി. നിരവധി പ്രവർത്തകരാണ് ഫോണിൽ വിളിച്ചും നേരിട്ടെത്തിയും ഉമ്മൻ ചാണ്ടിക്ക് ആശംസകൾ അറിയിക്കുന്നത്.
പിന്നീട് പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി ഏർപ്പെടുത്തിയിരുന്ന സ്വീകരണ യോഗങ്ങളിൽ അദേഹം പങ്കെടുക്കുകയാണ്.
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ഉമ്മൻ ചാണ്ടിക്കു നല്കുന്ന ജനകീയ ആദരവിന്റെ സുവർണ ജൂബിലി സമ്മേളനം ഉച്ചകഴിഞ്ഞു മൂന്നിനു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ദേശഭക്തിഗാനത്തോടെ ആരംഭിക്കും.
വൈകുന്നേരം അഞ്ചിന് സമ്മേളനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആമുഖ പ്രസംഗം നടത്തും.
രാഹുൽ ഗാന്ധി, എ.കെ.ആന്റണി, മുകുൾ വാസ്നിക്, വയലാർ രവി, കെ.സി. വേണുഗോപാൽ, കോടിയേരി ബാലകൃഷ്്ണൻ, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര സുറിയാനി സഭ മേജർആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ,
എൻ എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വി രാജ്, മഞ്ജു വാര്യർ, കവി സുഗതകുമാരി എന്നിവർ ഓണ്‍ലൈനിൽ ആശംസകൾ അർപ്പിക്കും.
ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, കാനം രാജേന്ദ്രൻ, ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത, സാദിഖ് അലി തങ്ങൾ,
ഗീവർഗീസ് മാർ കൂറിലോസ്, തോമസ് മാർ തീമോത്തിയോസ്, കുര്യാക്കോസ് മാർ സേവേറിയോസ്, ബിഷപ് തോമസ് കെ.ഉമ്മൻ, സ്വാമി അമൃത സ്വരൂപ, ഗുരുരത്നം ജ്ഞാന തപസ്വി, പി.ജെ.ജോസഫ്, ജോസ് കെ.മാണി, എം.കെ. മുനീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെസി ജോസഫ് തുടങ്ങിയവർ നേരിൽ ആശംസകൾ അർപ്പിക്കും.
രാത്രി ഏഴുമുതൽ എട്ടുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി ഉമ്മൻചാണ്ടി ഓണ്‍ലൈനിൽ സംവദിക്കും. കോട്ടയം ജില്ലയിലെ 500 കേന്ദ്രങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ചടങ്ങുകൾ തത്സമയം കാണുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
www.videotsream. co.in//oomman chandi എന്ന ലിങ്കിലൂടെ ചടങ്ങുകൾ തത്സമയം കാണാം. സമ്മേളനത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ ടീമിനെ വിന്യസിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്, വൈദ്യുതി വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവരും സഹായത്തിനുണ്ടാകും. സമ്മേളനത്തിനുശേഷം ഉമ്മൻ ചാണ്ടി രാത്രി ഒന്‍പതോടെ തിരുവനന്തപുരത്തേക്കു മടങ്ങും.