തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ നിലപാട് കടുപ്പിച്ച ഗവർണറെ തള്ളി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ നിയന്ത്രിക്കുവാനോ മൂക്കുകയറിടുവാനുള്ള ഒരു നീക്കവും അംഗീകരിക്കുവാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത് നിയമപരമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനും കേരളത്തിന്റെ പൊതുവികാരത്തിനും അനുയോജ്യമായ തുടർ നടപടിയാണ് സർക്കാർ കൈക്കൊണ്ടതെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു. ചട്ടങ്ങൾ പ്രകാരം തീരുമാനം ഗവർണറെ അറിയിച്ചോ ഇല്ലയോയെന്നത് സർക്കാർ വിശദീകരിക്കേണ്ട സാങ്കേതിക പ്രശ്നം മാത്രമാണെന്നും അതിന്റെ പേരിൽ ഗവർണർ നടത്തുന്ന വിവാദ പരാമർശങ്ങൾ സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ജനാധിപത്യ ഭരണ ക്രമത്തിൽ ഗവർണർമാർ സ്വീകരിക്കേണ്ട മര്യാദകളും മിതത്വവും ഉണ്ട്. അത് മറികടന്നാണ് ഗവർണറുടെ പ്രതികരണങ്ങൾ. അതുകൊണ്ട് പരസ്യമായ വിവാദങ്ങൾ ഒഴിവാക്കി നാടിന്റെ പ്രവർത്തനങ്ങൾക്കായി ഗവർണർ സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു- ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.