കോട്ടയം: എംജി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ വ്യാപക അക്രമങ്ങൾ നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ ഇന്ന് അറസ്റ്റു ചെയ്തേക്കുമെന്നു സൂചന. അക്രമങ്ങൾക്കു നേതൃത്വം നല്‍കുകയും കെഎസ്യു പ്രവർത്തകരെ മർദിക്കുകയും ചെയ്ത ഏതാനും എസ്എഫ്ഐ പ്രവർത്തകരെക്കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസിന്റെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തി. അക്രമ സംഭവങ്ങൾ അരങ്ങേറിയതുമായി ബന്ധപ്പെട്ടു കെഎസ്യു പ്രവർത്തകർ നല്കിയ പരാതിയിലാണു ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ടു അക്രമ സംഭവങ്ങൾ അരങ്ങേറിയ സ്ഥലത്തുണ്ടായിരുന്ന നിരവധി പേരുടെ പക്കൽ നിന്നും പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.
ആക്രമണത്തിൽ തലയ്ക്കു കന്പിവടി കൊണ്ടുള്ള അടിയേറ്റ തേവര എസ്എച്ച് കോളജിൽനിന്നുള്ള കൗണ്‍സിലറും കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റുമായ അലോഷ്യസ് സേവ്യർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അലോഷ്യസിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇന്നലെ അലോഷ്യസ് വോട്ടു ചെയ്യാൻ എത്തിയപ്പോൾ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ കന്പിവടി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഓടിയെത്തിച്ച ഇയാളെ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു. കൂട്ടമായെത്തിയ എസ്എഫ്ഐ പ്രവർത്തകർ കെഎസ്യു പ്രവർത്തകർക്കെതിരെയും പെണ്‍കുട്ടികൾ ഉൾപ്പെടെയുള്ള വോട്ടർമാർക്കു നേരെയും അസഭ്യവർഷം നടത്തുകയും വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ പിടിച്ചുവാങ്ങി കീറി എറിഞ്ഞതായും കെഎസ്യു നേതാക്കൾ ആരോപിച്ചു.
അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി വിദ്യാർഥികൾക്കു വോട്ട് ചെയ്യാനായില്ലെന്നും വോട്ട് ചെയ്യാൻ എത്തിയ കെഎസ്യു കൗണ്‍സിലർമാരുടെ വീടുകളിൽ കയറി ഭീഷണി മുഴക്കിയെന്നും നേതാക്കൾ ആരോപിച്ചു.പരിക്കേറ്റ അലോഷ്യസിനെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎ, കെ. സി. ജോസഫ് എംഎൽഎ, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തർ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജനറൽ സെക്രട്ടറി ജോബോയ് ജോർജ്, ടോമി പുളിമാൻതുണ്ടം തുടങ്ങിയവർ സന്ദർശിച്ചു.
വ്യാപകമായി അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നു കെഎസ്യു ആരോപിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന കോടികളുടെ അഴിമതി പുറത്തുവരാതിരിക്കാൻ തെരഞ്ഞെടുപ്പ് അലങ്കോലമാക്കി ഏകപക്ഷീയമായി കമ്മിറ്റികൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നു കെഎസ്യു സംസ്ഥാന കമ്മിറ്റി ആരോപിച്ചു. അതേസമയം എസ്എഫ്ഐയുടെ വിജയം ഉറപ്പായെന്നറിഞ്ഞതോടെ എറണാകുളം ജില്ലാ പ്രസിഡന്റ് തങ്ങളുടെ പ്രവർത്തകരെ തടഞ്ഞതാണു പ്രകോപനമുണ്ടാക്കിയതെന്നു എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു.