തിരുവനന്തപുരം: കർഷകസമരത്തിനു മുന്നിൽ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കം മറിച്ചിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്നും കൈയൂക്കുകൊണ്ട് കെ-റെയിൽ നടപ്പാക്കാനാണ് ഭാവമെങ്കിൽ അതിനു കനത്ത വില നൽകേണ്ടിവരുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെ പദ്ധതിക്കു സ്ഥലം ഏറ്റെടുപ്പു നടപടിയുമായി മുന്നോട്ടു പോകാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സംസ്ഥാനത്തിനു താങ്ങാനാവാത്ത സാന്പത്തിക ബാധ്യത ഉണ്ടാക്കുന്നതും അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ കെ-റെയിൽ പദ്ധതി പ്രാഥമികമായ നടപടികൾപോലും പൂർത്തിയാക്കാതെ നടപ്പിലാക്കാൻ സർക്കാർ പിടിവാശി കാണിക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.