ജിബിന്‍ കുര്യന്
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഇടംവലം തോളോടു തോള്‍ചേര്‍ന്നു തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി. ജോസഫും. ഈ മൂന്നു ത്രയങ്ങള്‍ ചേര്‍ന്ന് കോണ്‍ഗ്രസിലും കേരള രാഷ്ട്രീയത്തിലും ഭരണത്തിലും സൃഷ്ടിച്ചത് സമാനതകളില്ലാത്ത ഒരുമയും മുന്നേറ്റവും കരുത്തുമാണ്.
കെഎസ് യു നേതാവില്‍നിന്നു മുഖ്യമന്ത്രിപദം വരെ ഉമ്മന്‍ ചാണ്ടി എത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രണ്ടുപേർ. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിനു നേതൃത്വം നല്കിയതും ഇരുവരുമാണ്.
എംടി സെമിനാരി സ്കൂള്‍ ലീഡറായി കെഎസ്യു പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനനെ അഭിനന്ദിക്കാനായി കെഎസ് യു നേതാവായ ഉമ്മന്‍ചാണ്ടി എത്തുന്നതു മുതല്‍ തുടങ്ങി ആറു പതിറ്റാണ്ടു കാലത്തെ ആത്മബന്ധത്തിന്റെ കഥയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനു പറയാനുള്ളത്.
ഇഎംഎസ് മന്ത്രിസഭയ്ക്കെതിരേ വിദ്യാര്‍ഥി കോണ്‍ഗ്രസ് നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സമരപോരാട്ടങ്ങള്‍ ഇപ്പോഴും ആവേശം പകരുന്നതാണ്.
കാറ്റുവിതച്ചു കൊടുങ്കാറ്റ് കൊയ്യരുതെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ഭരണകൂടത്തിനെതിരെയുളള താക്കീതായിരുന്നു.അഞ്ചല്‍ കോളജില്‍ വെടിവയ്പ്പുണ്ടായി വിദ്യാര്‍ഥി മരിച്ച സമയത്ത് യൂണിവേഴ്സിറ്റി കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ഇഎംഎസിനെതിരേ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ പ്രസംഗം മുഴുവിപ്പിക്കാതെ തിരിച്ചുപേകേണ്ടി വന്നു.
1970ല്‍ ആദ്യമായി നിയമസഭയിലേക്ക് ഉമ്മന്‍ ചാണ്ടി മത്സരിക്കുമ്പോള്‍ വിദ്യാര്‍ഥി-യുവജന സ്ക്വാഡിന്റെ ചുമതല തിരുവഞ്ചൂരിനായിരുന്നു.
ഉമ്മന്‍ ചാണ്ടിയോടൊപ്പം രണ്ടു മന്ത്രിസഭകളില്‍ സുപ്രധാനമായ 14 വകുപ്പുകള്‍ കൈകാര്യം ചെയ്യാനായത് രാഷ്ട്രീയ ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളാണ്.
എന്നെ സ്നേഹത്തോടെ രാധാകൃഷ്ണാ എന്നാണ് ഉമ്മന്‍ചാണ്ടി വിളി ക്കാറുള്ളത്. ഞാനാകാട്ടെ ഒസി എന്നും വിളിക്കും. ചെറിയ വിഷമത്തില്‍ പോലും സ്വാന്തനമേകുന്ന ഒരു സഹപ്രവര്‍ത്തകനും കൂട്ടുകാരനുമാണ് ഉമ്മന്‍ചാണ്ടി.
പിണക്കം കാണിക്കാറില്ല, ആറു പതിറ്റണ്ടിനിടയില് ഒരിക്കല്‍ പോലും മുഷിയേണ്ടി വന്നിട്ടില്ല അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് മനസില്‍ വിഷമം ഉണ്ടെങ്കില്‍ അദ്ദേഹം അതു കാണിക്കാറില്ല,
പകരം ചിരിക്കും. ചിരി കൂടിയാല്‍ വിഷമമുണ്ടെന്നു മനസിലാക്കണം. എന്നെ എപ്പോഴും വിശ്വസ്തനായ ഒരു സഹപ്രവര്‍ത്തകനായിട്ടാണ് ഒസി കണ്ടിരുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അനുസ്മരിച്ചു.
1961-63 കാലഘട്ടത്തില്‍ ചങ്ങനാശേരി എസ്ബി കോളജില്‍ ബിഎ ഇക്കണോമിക്സ് ക്ലാസിലാണ് ഉമ്മന്‍ ചാണ്ടിയും കെ.സി. ജോസഫും ഒരുമിച്ചു പഠിക്കുന്നതും സൗഹൃദത്തിലാകുന്നതും.
പിന്നെ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളില്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം തോളോടു തോള്‍ചേര്‍ന്നു. കെ.സി. ജോസഫിനെ, കെസി എന്ന ചുരുക്കപേരിലാണ് ഉമ്മന്‍ ചാണ്ടി വിളിച്ചിരുന്നത്.
ഞങ്ങള്‍ തമ്മില്‍ വലിയ മാനസിക അടുപ്പമാണുണ്ടായിരുന്നതെന്നും കെ.സി. ജോസഫ് അനുസ്മരിക്കുന്നു. 1998ലെ പയ്യാവൂര്‍ സമരത്തില്‍ പയ്യാവൂരിലെത്തി 48 ദിവസം നീണ്ട സമരത്തിനു എന്നോടൊപ്പം നേതൃത്വം നല്‍കിയത് മറക്കാനാവാത്ത അനുഭവമാണെന്നു കെ.സി. ജോസഫ് അനുസ്മരിക്കുന്നു.