ഒറ്റപ്പാലം: സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രി എം.എം മണി തെറ്റുകാരനെന്നു കണ്ടെത്തിയിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രി ഖേദപ്രകടനം നടത്തിയിട്ടും ഇദ്ദേഹത്തിനെതിരേ നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി തയാറാകാത്തതു ജനാധിപത്യത്തിനു ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഥമ കെപിസിസി സമ്മേളനത്തിന്റെ 96-ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. രാഷ്ട്രീയ പാർട്ടികളുടെ അടിച്ചേൽപ്പിക്കലുകൾ ജനാധിപത്യത്തെ തകർക്കുന്ന സാഹചര്യം ഇപ്പോൾ കേന്ദ്രത്തിലും കേരളത്തിലുമുണ്ട്. കേന്ദ്രത്തിൽ ബിജെപിയും കേരളത്തിൽ സിപിഎമ്മും ജനാധിപത്യവും മതേതരത്വവും അപകടത്തിലാക്കിയ സാഹചര്യമാണുള്ളത്.
ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ബിജെപി അവരുടെ അജൻഡയാണ് ഇന്ത്യയൊട്ടാകെ അടിച്ചേൽപ്പിക്കുന്നത്. രാജ്യത്ത് മുന്പെങ്ങും ഇല്ലാത്ത തരത്തിൽ യാഥാർഥ്യത്തെ വളച്ചൊടിക്കുന്ന ആസൂത്രിത നീക്കം നടക്കുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു. നരേന്ദ്രമോദിയുടെ വർഗീയ അജൻഡകൾ രാജ്യത്തെ തകർക്കും. ലോകത്ത് ഏറ്റവും ത്യാഗങ്ങളും നഷ്ടങ്ങളും സഹിച്ച പാർട്ടി കോണ്ഗ്രസാണ്.
രാഷ്ട്രപിതാവ് ഗാന്ധിജിയും മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മരിച്ചത് ഇന്ത്യയ്ക്കു വേണ്ടിയായിരുന്നു.ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ അധ്യക്ഷനായി. എഐസിസി അംഗം രാജ്മോഹൻ ഉണ്ണിത്താൻ, കെപിസിസി സെക്രട്ടറി സി. ചന്ദ്രൻ, നേതാക്കളായ കെ.എ. ചന്ദ്രൻ, വി.എസ്. വിജയരാഘവൻ, സി.വി. ബാലചന്ദ്രൻ, സത്യൻ പെരുന്പറക്കോട്, കെ എസ്ബിഎ തങ്ങൾ എന്നിവർ പ്രസംഗിച്ചു.