ഇരിങ്ങാലക്കുട: എൽഡിഎഫ് സർക്കാരിന്റെ ഭരണം ഒരു വർഷം പിന്നിടുന്പോൾ സർക്കാർ കേരള ജനതയുടെ തന്നെ ഒരു വർഷം നഷ്ടമാക്കിയെന്ന് യു ഡി എഫ് നേതാവും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.എൽഡിഎഫ് സർക്കാരിന്റെ ഒന്നും ശരിയാകാത്ത ഒരു വർഷം എന്ന മുദ്രവാക്യം ഉയർത്തി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
യുഡിഎഫ് സർക്കാർ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പോലും പൂർത്തിയാക്കുവാൻ എൽ ഡി എഫിന് സാധിച്ചില്ലെന്നും തൊഴിലുറപ്പ് പദ്ധതിയിൽ ആറു മാസം കുടിശിക ഈ സർക്കാർ വരുത്തിവെച്ചെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ദിവസംവും പുതിയ വിവാദങ്ങൾ ഉണ്ടാകുന്നതിനാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദേഹം കുറ്റപെടുത്തി.
യുഡിഎഫ് സർക്കാർ അഞ്ചു വർഷം കൊണ്ട് എംബിബിഎസിന് 45,000 രൂപയാണ് ആകെ വർദ്ധിപ്പിച്ചതെങ്കിൽ എൽഡിഎഫ് സർക്കാർ ഒറ്റവർഷം കൊണ്ടു 65,000 രൂപ വർദ്ധിപ്പിച്ചു, ഉമ്മൻചാണ്ടി പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സണ് അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.എൻ. പ്രതാപൻ, ഒ. അബ്ദുൾ റഹ്മാൻകുട്ടി, ജോസഫ് ചാലിശേരി,യൂജിൻ മൊറോലി ,കെ .പി. വിശ്വനാഥൻ ,ജോസ് വള്ളൂർ, ആന്റോ പെരുംന്പള്ളി, കെ.കെ. ശോഭനൻ, സോണിയ ഗിരി ,കെ.കെ. ബാബു, ടി.വി. ചാർളി, നിമ്യ ഷിജു, പി.ബി മനോജ്, പ്രഫ. ജോയ് സെബ്യാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.