ചാലക്കുടി: കേരളത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ നാടിനെ ഞെട്ടിക്കുന്നതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വി.ഡി. സതീശൻ എംഎൽഎ നയിക്കുന്ന യുഡിഎഫ് മധ്യമേഖല ജാഥയുടെ സമാപനസമ്മേളനം ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സർക്കാരിനെതിരേ തെരഞ്ഞെടുപ്പു കാലത്ത് സ്ത്രീസുരക്ഷ്ക്കുവേണ്ടി പ്രസംഗിച്ചു നടന്നവർ അധികാരത്തിലെത്തിയപ്പോൾ സ്ത്രീകൾക്കു സുരക്ഷയില്ലാതായി. സിപിഎമ്മുകാർ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നു പ്രതികളെ ബലമായി ഇറക്കിക്കൊണ്ടുപോകുകയും ചെയ്യുന്നു. ഭൂരിപക്ഷമുണ്ടെന്ന അഹങ്കാരത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഞങ്ങൾ എന്തുംചെയ്യും എന്ന നിലപാടിൽ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി. ക്രൂഡ് ഓയിലിനു പകുതിവിലയായി കുറഞ്ഞിട്ടും പെട്രോളിനും ഡീസലിനും വിലകൂട്ടി ഖജനാവ് നിറയ്ക്കുകയാണ്. അഴിമതിക്കെതിരേ പോരാടുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയവർ അഴിമതിയുടെ ചെളിക്കുണ്ടിലാണ്. ഭരണപരാജയം മറച്ചുവയ്ക്കാൻ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനാണ് നോട്ട് നിരോധനം കൊണ്ടുവന്നത്. പിണറായി വിജയൻ ജനദ്രോഹ നടപടികളിൽ കേന്ദ്രസർക്കാരിനോട് മത്സരിക്കുകയാണ്.
55 കൊല്ലമായി മുടങ്ങാതെ നൽകിയിരുന്ന റേഷനിരി വിതരണം അട്ടിമറിച്ചു. റേഷൻ കാർഡുകളിൽ പട്ടിണിപ്പാവങ്ങളെ മുൻഗണനാ ലിസ്റ്റിൽനിന്ന് ഒഴിവാക്കി. പട്ടിണിപ്പാവങ്ങൾ ഇപ്പോൾ ലിസ്റ്റിലില്ല. യുഡിഎഫ് സർക്കാർ റേഷൻ സൗജന്യമായി കൊടുക്കാൻ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശൻ, വൈസ് ക്യാപ്റ്റൻ അനൂപ് ജേക്കബ്, പി.സി. ചാക്കോ, പി.പി. തങ്കച്ചൻ, സി.എൻ. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, കെ.പി. ധനപാലൻ, പി.സി. വിഷ്ണുനാഥ്, ഒ. അബ്ദുൾ റഹ്മാൻകുട്ടി, എം.സി. ആഗസ്തി, എംഎൽഎമാരായ അനിൽ അക്കര, റോജി എം.ജോൺ, അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു. സി.ജി. ബാലചന്ദ്രൻ നന്ദി പറഞ്ഞു.
നേരത്തെ വിവിധ മണ്ഡലങ്ങളിൽ എത്തിയ പ്രകടങ്ങൾ സൗത്ത് ജംഗ്ഷനിൽ കേന്ദ്രീകരിച്ചാണ് സമ്മേളന നഗറിലേക്ക് എത്തിയത്. പുലിക്കളി, കാവടിയാട്ടം, താളമേളങ്ങൾ തുടങ്ങിയവ ആകർഷകമായി.