ആലപ്പുഴ: യുഡിഎഫ് ഭരണകാലത്ത് സുപ്രീംകോടതിയില്‍ വാദം കേട്ടിരുന്നെങ്കില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ദുസ്ഥിതി ഉണ്ടാകില്ലായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലപ്പുഴ ഡിസിസിയില്‍ സംഘടിപ്പിച്ച കെ.എസ്. വാസുദേവ ശര്‍മ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് വാസുദേവ ശര്‍മയാണെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. വിശ്വാസികളായ വിവിധ വിഭാഗങ്ങളുമായി വിശദമായ ആശയവിനിമയം നടത്തിയ ശേഷമാണ് സത്യവാംഗ്മൂലം നല്‍കിയത്.
മുന്‍ സര്‍ക്കാരിന്റെ കാലത്തെ നയത്തില്‍ യുഡിഎഫ് സര്‍ക്കാരിന് മാറ്റമുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ടെന്നും നിലവിലുള്ള ആചാരങ്ങള്‍ പാലിക്കണമെന്നും വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്നുമാണ് യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത്.
ഇപ്പോഴത്തെ ഗുരുതരസാഹചര്യം ഒഴിവാക്കാന്‍ ഇടതുസര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്നും വിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെടാതെ നോക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിസിസി പ്രസിഡന്റ് എം. ലിജു അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം കെ.സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അനുസ്മരണപ്രഭാഷണം നടത്തി. സി.ആര്. ജയപ്രകാശ്, ജോണ്സണ് ഏബ്രഹാം, എം. മുരളി. ഷുക്കൂര്‍, കെ.പി. ശ്രീകുമാര്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, എബി കുര്യാക്കോസ്, ഇ. സമീര്‍, കെ.കെ. ഷാജു, ബി. ബൈജു, സി.കെ. ഷാജിമോഹന്‍, എസ്. ശരത്, പി. നാരായണന്‍കുട്ടി, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ്ഭട്ട്, സുനില്‍ ജോര്‍ജ്, ടിവി. രാജന്, സജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.