പത്തനംതിട്ട: ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിയും വോട്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ബൂത്ത് പ്രസിഡന്റുമാരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികാരമാണ് ശബരിമല. സിപിഎമ്മിന്റെ അജണ്ട മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കാനുള്ള ശ്രമമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. ക്ഷേത്ര ആചാരത്തെയും അനുഷ്ഠാനത്തെയും വച്ചാണ് സിപിഎമ്മും ബിജെപിയും രാഷ്ട്രീയം കളിക്കുന്നത്. ഇരുപാർട്ടികളും വിചാരിച്ചാൽ തീരുന്ന ഒരു വിഷയമാണ് ഇത്രയും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
ശബരിമല വിഷയത്തിൽ സർക്കാർ ചോദിച്ചു വാങ്ങിയ വിധിയാണിതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ നിലനിർത്തി മുന്നോട്ട് പോകണമെന്ന യുഡിഎഫ് സമർപ്പിച്ച സത്യവാങ്മൂലം തിരുത്തി ഇടത് സർക്കാർ വാങ്ങിയ വിധി മൂലമാണ് പ്രശ്നങ്ങൾ രൂക്ഷമായതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ശബരിമല വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ വളച്ചൊടിക്കപ്പെടുകയാണുണ്ടായത്. സംസ്ഥാന കോൺഗ്രസ് കമ്മിറ്റി എടുത്ത തീരുമാനമാണ് എഐസിസിയുടേതെന്ന് രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചതാണ്.
അഴിമതിക്കെതിരെ കോൺഗ്രസിനു നേരെ വിരൽ ചൂണ്ടിയവർ ഇപ്പോൾ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അഴിമതി സംബന്ധിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ മോദി കുഴയുകയാണ്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ മോദിയ്ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യോഗത്തിൽ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം പ്രഫ. പി.ജെ കുര്യൻ, ആന്റോ ആന്റണി എംപി, മുൻ ഡിസിസി പ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി മോഹൻ രാജ്, യുഡിഎഫ് കൺവീനർ പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, സതീഷ് കൊച്ചുപറമ്പിൽ, എം ഷൈലാജ്, കെ.കെ. റോയിസൺ, എസ്.പി. പ്രസന്നകുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, റിങ്കുചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, ജോൺസൺ വിളവിനാൽ, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, കെ.എൻ. അച്യുതൻ, സുധാ കുറുപ്പ്, കുഞ്ഞുകുഞ്ഞമ്മ ജോസഫ്, അൻസർ മുഹമ്മദ്, റെജി തോമസ്, ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.