കായംകുളം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണന്നും പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിൽ പോയി ഫോട്ടോ സെഷൻ നടത്തുകയാണെന്നും മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ആരോപിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട കെ.സി.വേണുഗോപാൽ എംപിക്കും എഐസിസി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട പി.സി.വിഷ്ണുനാഥിനും കായംകുളം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രൂഡോയിലിന്റെ വില ക്രമാതീതമായി കുറഞ്ഞിട്ടും. ഡീസലിന്റെയും പെട്രോളിന്റെയും വില കുറയ്ക്കാതെ നികുതി മൂന്നിരട്ടി വർധിപ്പിച്ചു കേന്ദ്രം വരുമാനം വർധിപ്പിച്ചു. ഒപ്പം കുത്തക മുതലാളിമാരുടെ ലാഭവും വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നു. വിലക്കയറ്റം കൊണ്ട് ജനം വലയുന്പോൾ കേന്ദ്രം കൊള്ളക്കാർക്ക് കൂട്ടുനിൽക്കുന്നു. ജിഎസ്ടി നടപ്പാക്കിയത് ഒരു കരുതലുമില്ലാതെയാണ് ബ്രാൻഡഡ് അരിയ്ക്കു നികുതി എർപ്പെടുത്തിയതോടെ അരി വില കൂടുകയാണ് കേരളവും കേന്ദ്രവും ജിഎസ്ടിയിലൂടെ ലാഭം വർധിപ്പിക്കുന്നു.
വ്യാപാരികൾ പോലും ആശങ്കയിലാണ്. അശാസ്ത്രീയമായ ഈ നടപടിക്കെതിരെ ജന രോഷം ഉയരും. കേന്ദ്രം ജനങ്ങളെ തമ്മിലടിപ്പിച്ച് സമാധാനം തകർക്കാനും ഇന്ത്യയെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നു. കേരളത്തിൽ ഭരണം നിശ്ചലമായി. ഉദ്യോഗസ്ഥരെ വിശ്വാസമില്ല. കേസ് അന്വേഷണങ്ങൾ വിവാദത്തിലാകുന്നു. മൂന്നാർ കയ്യേറ്റം സി.പി.എം സി.പി.ഐ പോർവിളിയായി.
റേഷൻ സംവിധാനം തകരാറിലായി.10 ലക്ഷം പരാതികളാണ് റേഷൻ കാർഡിന്റെ പേരിൽ സർക്കാരിന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ്. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാൽ, പി.സി. വിഷ്ണുനാഥ്, കെപിസിസി-ഡിസിസി ഭാരവാഹികളായ സി.ആർ. ജയപ്രകാശ്, ജോണ്സണ് എബ്രഹാം, എം. ലിജു, ത്രിവിക്രമൻ തന്പി .കെ.പി. ശ്രീകുമാർ, ഇ. സെമീർ, യു. മുഹമ്മദ്, ശ്രീജിത്ത് പത്തിയൂർ, അവിനാശ് ഗംഗൻ, കെ. പുഷ്പദാസ് തുടങ്ങിയവർ പ്രസംഗിച്ചു