എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ഐശ്വര്യ കേരള യാത്രയിൽ ഉമ്മൻ ചാണ്ടി കൂടുതൽ സജീവമാകണമെന്ന ആവശ്യവുമായി എഗ്രൂപ്പും ലീഗ് അടക്കമുള്ള ഘടകകക്ഷികളും.
ഐശ്വര്യകേരള യാത്രയുടെ ഉദ്ഘാടനത്തിന് ശേഷം ഉമ്മൻ ചാണ്ടി അൽപം പിന്നിലേക്ക് മാറി നിൽക്കുകയാണെന്നാണ് ഘടക കക്ഷികളുടെ പരാതി. ഐശ്വര്യ കേരള യാത്ര നയിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.
അതുകൊണ്ടുതന്നെ യാത്രയുടെ ചുക്കാൻ പിടിക്കുന്നത് ഐ ഗ്രൂപ്പാണ്. പലയിടത്തും ഉമ്മൻ ചാണ്ടിക്ക് ജാഥയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാതിരിക്കാൻ ചില ഇടപെടലുകൾ ഐഗ്രൂപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായെന്ന പരാതിയുമായി എ ഗ്രൂപ്പ് രംഗത്തെത്തി.
ജനങ്ങളെയും പ്രവർത്തകരേയും വലിയ രീതിയിൽ ഇളക്കിമറിക്കാൻ ഉമ്മൻ ചാണ്ടി ജാഥയിൽ കൂടുതൽ സജീവമാകണമെന്നാണ് ആവശ്യമാണ് എ ഗ്രൂപ്പ് ഉയർത്തുന്നത്. ഉമ്മൻ ചാണ്ടി പിന്നിലേക്ക് മാറിയതോടെ എ ഗ്രൂപ്പ് ജാഥയിൽ നിന്ന് അകലം പാലിച്ചു തുടങ്ങി.
കോൺഗ്രസിനെ ഉമ്മൻ ചാണ്ടി ഈ തെരഞ്ഞെടുപ്പിൽ മുന്നിൽനിന്ന് നയിക്കണം എന്ന ആവശ്യം കൂടുതൽ ശക്തമാക്കാൻ വേണ്ടിയാണ് ഈ നീക്കം.
ഭരണം പിടിക്കാനുള്ള തന്ത്രവും മെയ് വഴക്കവും ഉമ്മൻ ചാണ്ടിയോളം ഇന്ന് കേരളത്തിൽ മറ്റൊരു കോൺഗ്രസ് നേതാവിനില്ലെന്നും എ ഗ്രൂപ്പ് പറയുന്നു. ഇതിനിടെ പലയിടത്തും ഗ്രൂപ്പ് പോര് മറനീക്കി പുറത്തു വരുന്നുണ്ട്.
ഐശ്വര്യ കേരള യാതയിൽ ഉമ്മൻ ചാണ്ടി സജീവമാകണമെന്ന നിലപാടുമായി എ ഗ്രൂപ്പ് നിൽക്കുന്പോൾ ഉമ്മൻ ചാണ്ടിയ്ക്ക് അമിത പ്രാധാന്യം കിട്ടാതിരിക്കാനുള്ള ശ്രമങ്ങൾ ഐ ഗ്രൂപ്പും നടത്തുന്നുണ്ട്.
പലയിടത്തും ജാഥയിൽ നിന്ന് എ ഗ്രൂപ്പുകാർ വിട്ടു നിൽക്കുകയാണ്. ഭരണം കിട്ടിയാൽ മുഖ്യമന്ത്രി ചെന്നിത്തല തന്നെ എന്ന പ്രചാരണം കൂടുതൽ ശക്തമാക്കാൻ ഐ ഗ്രൂപ്പ് ഐശ്വര്യ കേരളയാത്രയിൽ പരമാവധി ആളെ കൂട്ടുന്നുണ്ട്.
എന്നാൽ ഉമ്മൻ ചാണ്ടി മുന്നിൽ നിന്ന് നയിക്കാതെ ഈ തെരഞ്ഞടുപ്പ് ജയിക്കാനാകിലെന്ന സന്ദേശം ഊട്ടി ഉറപ്പിക്കാനുള്ള കരുനീക്കങ്ങളാണ് എ ഗ്രൂപ്പ് നടത്തുന്നത്. ഇതിന് ഘടക കക്ഷികളെ കൂടെ നിർത്തി കൊണ്ടുള്ള കളിയാണ് പ്രധാനമായും എ ഗ്രൂപ്പ് നടത്തുന്നത്.