കണ്ണൂർ: ഉദ്യോഗാർഥികളുടെ കാല് പിടിക്കേണ്ടത് ഉമ്മൻചാണ്ടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരേ മറുപടിയുമായി ഉമ്മൻചാണ്ടി.
പിഎസ്സി ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
അവരെ കേൾക്കാതെയാണ് മുഖ്യമന്ത്രി തന്നെ ആക്ഷേപിക്കുന്നത്. അധിക്ഷേപത്തിൽ പരാതിയില്ല. മുന്പും നിരവധി അധിക്ഷേപങ്ങൾ കേട്ടിട്ടുണ്ട്. കല്ലെറിഞ്ഞപ്പോഴും പ്രതിഷേധിക്കാൻ നിന്നിട്ടില്ല.
സമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് അവരുടെ കാല് പിടിക്കേണ്ടതെന്ന് കാര്യം മുഖ്യമന്ത്രിക്ക് മനസിലാകും.
പിഎസ്സി ഉദ്യോഗാർഥികളോട് അനുഭാവപൂർവമായ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിൽ പ്രതികളായ മൂന്നുപേരുടെ ജോലി നഷ്ടമായതിന്റെ പ്രതികാരമായാണ് മറ്റുള്ളവർക്കും ജോലി നൽകാത്തത്.
പുതിയ ലിസ്റ്റ് വരാതെ 131 ലിസ്റ്റുകളുടെ കാലാവധിയാണ് ധൃതിപിടിച്ച് സർക്കാർ റദ്ദുചെയ്തത്.
കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ കണ്ണടയ്ക്കുന്നത് സിപിഎമ്മാണ്.
ബിപിസിഎൽ വിറ്റഴിക്കുന്പോൾ പോലും ആ വേദിയിൽ പ്രധാനമന്ത്രിയുടെ മുന്നിൽ മിണ്ടായിരുന്ന ആളാണ് കേരള മുഖ്യമന്ത്രി. ചലച്ചിത്രോത്സവ ഉദ്ഘാടന ചടങ്ങിൽ സലിംകുമാറിനെ മാറ്റിനിർത്തിയത് ശരിയായ നടപടിയല്ല.
യുഡിഎഫ് സർക്കാർ ഇത്തരം വേദികളിൽ രാഷ്ട്രീയം നോക്കാറില്ലെന്നും ഉമ്മൻചാണ്ടി കണ്ണൂരിൽ പറഞ്ഞു.