തൃശൂർ: ഓണ്‍ലൈൻ പഠനത്തിനു സൗകര്യമില്ലാതെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിളിച്ച വിദ്യാർഥിനിക്ക് മണിക്കൂറുകൾക്കകം ഫോണുമായെത്തി കെഎസ്യു പ്രവർത്തകർ.
ചിയ്യാരം സെന്റ് മേരീസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിയായ ദേവികയ്ക്കാണ് കെഎസ്യു ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോണ്‍ എത്തിച്ചുനൽകിയത്.
ഓണ്‍ലൈൻ പഠനസൗകര്യം ഇല്ലാത്തതിനെതുടർന്ന് സുഹൃത്ത് നൽകിയ നന്പറിൽ ഉമ്മൻചാണ്ടിയെ വിളിക്കുകയായിരുന്നു ദേവിക.
അദ്ദേഹം വിലാസം വാങ്ങി, വിളിച്ചാൽ കിട്ടാനുള്ള ഒരു നന്പരും, അവിടെ പഠിക്കാൻ സൗകര്യമെത്തുമെന്ന ഉറപ്പും നൽകുകയായിരുന്നു. അദ്ദേഹം വിളിച്ചതനുസരിച്ചാണ് ഡേവിഡ് മൊബൈലുമായി വീട്ടിലെത്തിയത്.
പെയിന്റിംഗ് തൊഴിലാളിയായ ബിജുവിന്റെ രണ്ടാമത്തെ മകളാണ് ദേവിക. മൂത്തമകൾ നന്ദന പ്ലസ് ടു കഴിഞ്ഞുനിൽക്കുകയാണ്.
കോവിഡും ലോക്ഡൗണുമായി പണിയില്ലാതായതേൊട അരപ്പട്ടിണിയിലാണ് ജീവിതം.
എന്തെങ്കിലുമൊക്കെ പണിവരുമെന്നും വരുമാനമുണ്ടാവുമെന്നും കരുതി കാത്തിരിക്കുകയായിരുന്നു. ഒടുവിലാണ് ഉമ്മൻചാണ്ടിയെ വിളിച്ചത്.
സ്മാർട്ട്ഫോണുമായി എത്തിയ ഡേവിഡ്, ആവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകുമെന്നും അറിയിച്ചു. ഈ അധ്യയനവർഷം ആരംഭിച്ചശേഷം പതിനഞ്ചോളം പേർക്കാണ് ഡേവിഡ് സ്മാർട്ട് ഫോണും ടിവിയുമെത്തിച്ചത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ദീപ് സഹദേവൻ, വിൽവട്ടം മണ്ഡലം സെക്രട്ടറി പി. ജയേഷ്, യൂത്ത് കോണ്‍ഗ്രസ് മുൻ ജില്ലാ സെക്രട്ടറി ഷാജു ഫ്രാൻസിസ് എന്നിവരും കൂടെയുണ്ടായിരുന്നു.