കോഴിക്കോട്: വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി വരുന്നതുമായി ബന്ധപ്പെട്ട് തീരുമാനമാവാത്തതോടെ പ്രവര്‍ത്തകര്‍ അങ്കലാപ്പില്‍ . രാഹുല്‍ വരുമെന്ന് ഉറപ്പിച്ചു പറയുകയും പിന്നീട് തിരുത്തുകയും ചെയ്ത ഉമ്മന്‍ചാണ്ടിയെ ട്രോളികൊല്ലുകയാണ് സോഷ്യല്‍ മീഡിയ.
ഇതിനൊപ്പം ‘സിദ്ദിഖിനും നിക്കണോ പോണോ’ എന്ന തരത്തില്‍ പരിഹാസ ശരമേല്ക്കുകയാണ്. അനാവശ്യമായി എതിരാളികള്‍ക്ക് അടിക്കാന്‍ വടികൊടുത്തുവെന്ന വികാരമാണ് വലിയ വിഭാഗം പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത വികാരമുണ്ട്.
അതേസമയം തെരഞ്ഞെടുപ്പ് ചൂടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് വയനാട്ടിലെ കോണ്‍ഗ്രസുകാര്‍ . എതിര് സ്ഥാനാര്‍ഥികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ട് പോവുന്ന സമയത്താണ് വയനാട്ടിലും വടകരയിലും ഔദ്യോഗിക പ്രഖ്യാപനം വരാത്തത്. ഔദ്യോഗികമായി പ്രഖ്യാപനം വരാത്തതിനാല്‍ മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ഥി വിട്ടു നില്‍ക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണവും വടകര മണ്ഡലത്തില്‍ എതിരാളികള്‍ നടത്തുന്നുണ്ട്.
വയനാട്ടില്‍ നിലവില്‍ പര്യടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ടി.സിദ്ദിഖ് തന്നെയാവുമോ ഇവിടെ സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ പോലും ഉറപ്പില്ലാത്ത അവസ്ഥയിലാണ്. ഉടന്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന് പറയുന്നതല്ലാതെ മുതിര്‍ന്ന നേതാക്കള്‍ പോലും കാര്യങ്ങള്‍ വിട്ടു പറയാത്തതാണ് പ്രവര്‍ത്തകരെ നിരാശയിലാക്കുന്നത്.
ഇത് ഘടക കക്ഷികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ ടി.സിദ്ദിഖ് കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നാണ് ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞത്. ഇത് ആശയകുഴപ്പം വര്‍ധിപ്പിക്കുകയും ചെയ്തു.
രാഹുല്‍ഗാന്ധി വരുമെന്ന അറിയിപ്പ് ലഭിച്ചതോടെ സ്ഥനാര്ഥിത്വത്തില് നിന്ന് താന്‍ പിന്മാറാന് ഒരുക്കമാണെന്ന് സിദ്ദിഖും വ്യക്തമാക്കിയിരുന്നു. നിലവില്‍ സ്ഥനാര്‍ഥിയായി മണ്ഡലത്തിലുള്ള കെ.മുരളീധരന് വടകരയില്‍ പര്യടന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇവിടേയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇത് അവരുടെ ഒരുക്കങ്ങളേയും ബാധിക്കുന്നുണ്ട്.
എതിര് സ്ഥനാര്‍ഥിയായ പി.ജയരാജന് പര്യടനത്തില്‍ ആദ്യം മുതല്‍ക്ക് തന്നെ ഏറെ മുന്നിലാണ്. എങ്ങും നിറഞ്ഞ് നില്‍ക്കുന്നത് പി.ജയരാജന്റെ പോസ്റ്ററുകളും കണ്‍വന്‍ഷനുകളും മാത്രം. സോഷ്യല്‍ മീഡിയ പ്രചാരണങ്ങളിലും ഏറെ മുന്‍പന്തിയിലാണ് ഇടത് സ്ഥാനാര്‍ഥി. രണ്ട് തവണ കൈവിട്ട് പോയ മണ്ഡലം ഏത് വിധേനയും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോട ഏറെ മുന്നെ തന്നെ എല്‍ഡിഎഫ് ഇവിടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
എന്നാല്‍ ഇനിയും ദിവസങ്ങള്‍ ഉണ്ടല്ലോയെന്നചോദ്യമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് ഏറെ ആശങ്കകള്‍ക്ക് ശേഷം കെ.മുരളീധരന് വടകരയില്‍ എത്തിയതോടെ പ്രവര്‍ത്തകര്‍ അത് വലിയ സംഭവമാക്കിയെങ്കിലും ആ ആവേശം ഔദ്യോഗിക പ്രഖ്യാപനം വരാതായതോടെ കുറഞ്ഞിരിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.