അന്തിക്കാട്: തുടർച്ചയായി പതിനൊന്നാം വർഷവും അന്തിക്കാട് കല്ലിടവഴിയിൽ താമസക്കാരനായ കുരിക്കപിടിക ഉമ്മർ പ്രദേശത്തെ നിർധനരായ 400 കുടുംബങ്ങൾക്ക് കർക്കടക ദൈന്യം മറികടക്കാൻ ഭക്ഷ്യധാന്യങ്ങൾ നൽകി. അഞ്ചുകിലോ അരിയും രണ്ടുകിലോ പഞ്ചസാരയുമാണ് നിറഞ്ഞ ഹൃദയത്തോടെ ഈ കുടുംബം നൽകുന്നത്. അന്തിക്കാട് ആൽ സെന്ററിൽ പച്ചക്കറി കച്ചവടം നടത്തുന്ന ഇദ്ദേഹം അതിൽ നിന്നുള്ള ലാഭത്തിൽ നിന്നും ഒരു വിഹിതം ഇതിനായി ഉപയോഗിക്കുന്നു.
കല്ലിടവഴിയിൽ താമസമാക്കിയ വർഷം ഒരുദിവസം ഉമ്മർ ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് വീടിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വയോധിക വീട്ടിലെത്തി ഭാര്യ റംലയോട് രണ്ടു ദിവസമായി മോളെ ഭക്ഷണം കഴിച്ചിട്ട് എന്ന് പറഞ്ഞ് തേങ്ങിയതിൽ നിന്നുണ്ടായ വിങ്ങലാണ് കഴിഞ്ഞ പതിനൊന്ന് വർഷമായി തുടരുന്ന സക്കാത്തിന്റെ കനലെന്ന് ഉമ്മർ പറയുന്നു.
അയൽവാസി പട്ടിണി കിടക്കുന്പോൾ വയർ നിറച്ചുണ്ണുന്നവൻ എന്നിൽപെട്ടവനെല്ലെന്ന് മുഹമ്മദ് നബിയുടെ വചനംകൂടി മനസിൽ ഒരു കടലിരന്പം സൃഷ്ടിച്ചതോടെ എല്ലാവർഷവും പാവപെട്ടവന് പണിയൊന്നുമില്ലാതെ നിൽക്കുന്ന വറുതിയുടെ കർക്കടകത്തിൽ എന്നെ കൊണ്ടാകുന്ന ഒരു സഹായം നൽകാമെന്ന നിശ്ചയദാർഢ്യമാണ് ഈ പ്രവർത്തിക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
എംബിബിഎസിനു പഠിക്കുന്ന മകൻ ജാഷിർ ഉന്നത വിജയം നേടി ഡോക്ടറായതിന്റെ സന്തോഷത്തിൽ വീട്ടിൽ അരിയുടെ കിറ്റുകൾ വാങ്ങാനെത്തിയവരെയെല്ലാം വയറു നിറയെ പായസം നൽകിയാണ് ഉമ്മർ യാത്രയാക്കിയത്. മറ്റൊരു മകൻ ജംഷിർ ബിസിനസുകാരനാണ്.
മരുമകൾ ഷാരിജ. നിർധനരായ അയൽവാസികൾക്കും ചുറ്റുവട്ടത്തുള്ളവർക്കും കിറ്റുകൾ കിട്ടിയെന്ന് ഉറപ്പ് വരുത്തുന്നതിനായി രണ്ടു ദിവസം മുന്‍പ് അവർക്കെല്ലാമുള്ള ടോക്കണ്‍ ഉമ്മർ തന്നെ അവരുടെ വീടുകളിലെത്തിച്ചു. അവർക്ക് നൽകിയതിനുശേഷം ബാക്കിയാകുന്ന കിറ്റുകൾ ടോക്കണ്‍ ഇല്ലാതെ അരി വിതരണം ചെയ്യുന്ന വിവരം അറിഞ്ഞെത്തുന്നവർക്കും നൽകിയാണ് ഉമ്മർ വീടിന്റെ ഗേറ്റ് അടയ്ക്കുക.