എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ജോസ്. കെ. മാണിയെ യുഡിഎഫിൽ തിരികെ വിളിക്കണമെന്ന നിലപാടിൽ ഉറച്ച് ഉമ്മൻ ചാണ്ടി. യുഡിഎഫ് കെട്ടിപ്പടുത്ത കെ.എം. മാണിയുടെ മകനെയും പാർട്ടിയെയും ഇറക്കിവിട്ട നിലപാടിനോട് ഉമ്മൻ ചാണ്ടിക്കു പൂർണയോജിപ്പില്ല.
ജോസ് കെ. മാണി വിഭാഗത്തെ അടുത്ത യുഡിഎഫ് യോഗത്തിൽനിന്നു മാറ്റിനിർത്തുന്നു എന്നതായിരുന്നു തത്വത്തിൽ എടുത്ത തീരുമാനം. എന്നാൽ, അതു യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചപ്പോൾ പുറത്താക്കൽ എന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു എന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമാണ്. ഇതു യുഡിഎഫിന്റെ കെട്ടുറപ്പിനു ദോഷമാകുമെന്ന വിലയിരുത്തലാണ് പൊതുവായി ഉയർന്നിരിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന യുഡിഎഫ് തീരുമാനം ജോസ് കെ .മാണി അംഗീകരിച്ചു തിരികെ വരണമെന്ന വ്യക്തിപരമായ അഭിപ്രായം ഉമ്മൻ ചാണ്ടി ഇതിനകം ജോസ് വിഭാഗത്തെ അറിയിച്ചു കഴിഞ്ഞു. അതേസമയം, ജോസ് വിഭാഗത്തിന്റെ അഭിമാനപ്രശ്നമായി വളർന്നതിനാൽ രാജി വയ്ക്കുമെന്ന പ്രതീക്ഷ ഇല്ലതാനും.
ഇനി ജോസ് കെ. മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ തയാറാകാതെയും ഒരു മുന്നണിയുടെയും ഭാഗമാകാതെയും സ്വതന്ത്ര നിലപാടുമായി നിന്നാലും കോട്ടയം ജില്ലാ പഞ്ചായത്തിൽ ഉൾപ്പടെ അവിശ്വാസം പ്രമേയം കൊണ്ടു വരേണ്ടെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. ഇന്നു വൈകുന്നേരം മൂന്നിന് കന്റോൺമെന്റ് ഹൗസിൽ ചേരുന്ന യുഡിഎഫ് യോഗത്തിൽ അദ്ദേഹം ഈ നിലപാട് അറിയിക്കും.
കെ.എം. മാണി കോട്ടയം ജില്ലയിലെ ജനങ്ങൾക്കിടയിൽ എന്നും ഒരു വികാരം തന്നെയാണ്. ആ വികാരം ജോസ്.കെ.മാണിയോടും അദ്ദേഹം ഉൾക്കൊള്ളുന്ന കേരള കോൺഗ്രസ് വിഭാഗത്തോടും മധ്യ തിരുവിതാകൂറിലെ ജനങ്ങൾക്കും പ്രവർത്തകർക്കും ഉണ്ട്.
അതിനാൽ ഇപ്പോഴെടുത്ത തീരുമാനത്തിനപ്പുറം കൂടുതൽ കടുത്ത നടപടികളിലേക്ക് പോകുന്നതിൽ കടുത്ത വിയോജിപ്പിലാണ് ഉമ്മൻ ചാണ്ടി. യുഡിഎഫ് തീരുമാന പ്രകാരം ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽനിന്ന് മാറ്റി നിർത്തി.
ഇനി അവിശ്വാസം കൊണ്ടുവന്നു അവരെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്ന നിലപാടിൽ ഉമ്മൻ ചാണ്ടി നിൽക്കുന്നതിനാൽ അവിശ്വാസം ഉൾപ്പടെയുള്ള കൂടുതൽ നടപടികളിലേയ്ക്കു കടക്കാൻ യുഡിഎഫിനാകില്ല. എന്നാൽ, തെറ്റു തിരുത്തി നല്ലപിള്ളയായി വന്നാൽ മാത്രമേ ജോസ് പക്ഷത്തെ തിരികെ യുഡിഎഫിൽ എടുത്താൽ മതിയെന്ന നിലപാടിലാണ് ജോസഫ് പക്ഷം.
വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേരുന്നത്. ജോസ്കെ. മാണി പക്ഷത്തിന്റെ അടുത്ത നീക്കങ്ങൾ എന്തെന്ന് യുഡിഎഫ് വീക്ഷിക്കുകയാണ്. എൽഡിഎഫിലേക്കു പോയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം അതു തങ്ങൾക്കു തിരിച്ചടിയാകുമെന്ന വിലയിരുത്തൽ യുഡിഎഫിനുണ്ട് .
ഇതിനകം എൽഡിഎഫ് നേതാക്കളുടെ മനസിലിരിപ്പ് കൂടി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിലപാടു മയപ്പെടുത്താമെന്ന അഭിപ്രായങ്ങളും ഉയർന്നു വന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇപ്പോഴെടുത്ത ഈ തീരുമാനത്തോടുതന്നെ കോട്ടയത്തെ ഉൾപ്പടെ കോൺഗ്രസിലെയും യുഡിഎഫിലേയും നേതാക്കൾക്കും പ്രവർത്തകർക്കും അതൃപ്തിയുണ്ട്.
കേരള കോൺഗ്രസിലെ അഭ്യന്തര പ്രശ്നമായി കണ്ടു പ്രശ്നം കൈകാര്യം ചെയ്യുന്നതിനു പകരം പുറത്താക്കുന്ന തരത്തിലുള്ള കടുത്ത നടപടി വേണ്ടെന്ന നിലപാട് നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ അനുരഞ്ജന ചർച്ചകൾക്കു വഴി തെളിഞ്ഞേക്കും.