കരുവാരക്കുണ്ട്: ഒരു പതിറ്റാണ്ടിലധികം പ്രവാസ ജീവിതം നയിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ കഴിയാതെ പ്രയാസപ്പെട്ട യുവാവ് നടത്തിയ കരനെല്‍ കൃഷിയില്‍ നൂറുമേനി വിളവ്. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയായ തോര കണ്ടന് ഉമ്മറാണ് വേറിട്ട കൃഷിയിലൂടെ ജനശ്രദ്ധ നേടിയത്. പതിനൊന്നു വര്‍ഷത്തിലധികം ജിദ്ദയില്‍ ടെയ്ലറിംഗ് ജോലി ചെയ്തിട്ടും ഉമ്മറിന് കാര്യമായ സാമ്പത്തിക നേട്ടം കൈവരിക്കാനായില്ല. ഇതേ തുടര്‍ന്നാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് പാരമ്പര്യ കൃഷിയിലേക്ക് ഉമ്മര്‍ കാല്‍വെപ്പ് നടത്തിയത്.
കണ്ണത്തിനു സമീപം ചീനിപ്പാടത്ത് ആറ് ഏക്കര്‍ തരിശു സ്ഥലം സ്വകാര്യവ്യക്തിയില്‍ നിന്ന് പാട്ടത്തിനെടുത്താണ് ഉമ്മര്‍ കൃഷി ആരംഭിച്ചത്. രണ്ടേക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷിക്ക് നൂറുമേനി വിളവാണ് ലഭിച്ചത്. ബാക്കി നാലേക്കറില്‍ മഞ്ഞള്‍, ചേന, ചേമ്പ്, വാഴ, ഇഞ്ചി പച്ചക്കറികള്‍ തുടങ്ങിയവയാണ് കൃഷി ചെയ്തത്.
ഇവയില്‍നിന്നും വന്‍തോതില്‍ വിളവു ലഭിച്ചുവെങ്കിലും ഉല്പന്നങ്ങള്ക്ക് ന്യായവില ലഭിച്ചിരുന്നില്ല. വന്യമൃഗശല്യം നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടുവെന്നും ഉമ്മര്‍ പറഞ്ഞു. പകല്‍ സമയങ്ങളില്‍ പോലും കാട്ടുപന്നി കൃഷിയിടത്തില്‍ പ്രവേശിക്കും. രാത്രി ഉറക്കമിളച്ചിരുന്നാണ് വന്യമൃഗശല്യത്തില്‍ നിന്നും കൃഷിയെ സംരക്ഷിച്ചിരുന്നത്. നെല്ല് കതിരായതുമുതലാണ് പന്നി ശല്യം അധികരിച്ചത്.
വിളനഷ്ടത്തിന് വനം വകുപ്പധികൃതരില്നിന്നും സാമ്പത്തിക സഹായമൊന്നും ലഭിച്ചിട്ടില്ല. കൃഷി വകുപ്പധികൃതരുടെ നിര്‍ദേശമനുസരിച്ച് ജൈവ വളപ്രയോഗമാണ് നടത്തിവന്നിരുന്നത്. നെല്‍കൃഷി അന്യം വന്നു പോയ മലയോര മേഖലയില്‍ നിന്നും സ്കൂള്‍ കുട്ടികളടക്കമുള്ളവര്‍ ഉമ്മറിന്റെ നെല്‍കൃഷി കാണാനെത്തുമായിരുന്നു. ഗ്രാമപഞ്ചായത്തഗം വി.ആബിദലി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ജമീല അഷറഫ് തുടങ്ങി നിരവധിയാളുകള്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു.