മണ്ണാർക്കാട് : ബ്ലോക്ക് പഞ്ചായത്തിൽ പണാധിപത്യവും പുരുഷാധിപത്യവും അഴിമതിയും സ്വജനപക്ഷപാതവുമാണു നടക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഉമ്മുസൽമ.ബിസിനസുകാരനായ ചില മെംബർമാരുടെ ബിസിനസാണ് ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്നത്.
ഇത്തരം മെംബർമാരുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്തിൽ ഉണ്ട്.പ്രസിഡന്റ് വെറും റബർ സ്റ്റാന്പ് മാത്രമാണ്.
ഇവർ പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കുകയാണ് പ്രസിഡന്റിന്റെ ജോലിയൊന്നും സി.കെ. ഉമ്മുസൽമ ഫേസ്ബുക്ക് പേജിൽ പറയുന്നു. ഇതിനെതിരെ നിന്നതാണ് തന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെടുന്നതിന്റെ കാര്യം.
തന്റെ പദവിയുടെ രാജിക്കുവേണ്ടി ചില മണ്ഡലം ജില്ലാ മുസ്ലിം ലീഗ് നേതാക്കളും സഹപ്രവർത്തകരും ദാഹിച്ചു നടക്കുകയാണെന്നും ഇവർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
രാജിവയ്ക്കാൻ പ്രസിഡന്റു ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. പ്രസിഡന്റ് എന്തെങ്കിലും അഴിമതി ചെയ്തോ, ആരുടെ അടുത്തു നിന്നെങ്കിലും കൈകൂലി വാങ്ങിച്ചോ, പൊതുമുതൽ ദുരുപയോഗം ചെയ്തോ, പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയോ, ഇതൊന്നും ചെയ്യാതെ എന്തിനാണ് പ്രസിഡന്റ് പദവി രാജി വയ്ക്കുന്നതെന്നും ചോദിക്കുന്നു.
മണ്ണാർക്കാട്ടെ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെയും ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത ആരോപണമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉമ്മുസൽമ ഉന്നയിക്കുന്നത്.
പ്രസിഡന്റിനെതിരെ യുഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശനിയാഴ്ച്ചയാണ് ചർച്ചക്കെടുക്കുന്നത്.
ഇതിനിടെ വിഷയത്തിൽ ഇടപ്പെട്ട മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം ഉമ്മുസൽമയിൽ ഇന്നലെ രാജി എഴുതി വാങ്ങി.
അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കരുതെന്ന് യുഡിഎഫ് അംഗങ്ങളോട് നിർദേശിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് ഫേസ് ബുക്ക് പോസ്റ്റ് വിവാദം.