സിജോ പൈനാടത്ത്
കൊച്ചി: 2010 ജനുവരി ഒന്ന്; ജർമനിയിലെ പ്രസിദ്ധമായ ഫ്രോണ്‍ഹോഫർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉന്നതപഠനത്തിനൊപ്പം ഉന്നതജോലിയും ചെയ്യുന്നതിനിടെയാണ് ജോണ്‍സ് നിർണായകമായ “യെസ്’ എന്ന ഉത്തരം പറഞ്ഞത്.
“എന്റെ വിളി ഉയർന്ന ശന്പളവും ജീവിതത്തിലെ നേട്ടങ്ങളും സ്വന്തമാക്കുകയല്ല, ദൈവത്തെ പങ്കുവയ്ക്കലാണ്’ എന്നതായിരുന്നു ആ ഉത്തരത്തിന്റെ ഉള്ളടക്കം.
ഇലക്ട്രോണിക്സ് എൻജിനിയറുടെയും റിസർച്ചറുടെയുമെല്ലാം ആരെയും കൊതിപ്പിക്കുന്ന തിളക്കങ്ങളും ഉയരങ്ങളും ഉപേക്ഷിച്ചു,
12 വർഷങ്ങൾക്കിപ്പുറം മറ്റൊരു പുതുവത്സരപ്പിറവിദിനത്തിൽ ജോണ്‍സ് എളിമയോടെ, നിറഞ്ഞ സന്തോഷത്തോടെ പൗരോഹിത്യ മഹത്വത്തെ പുണർന്നു.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക്, പഠനം തീരും മുന്‍പേ ഉയർന്ന ശന്പളത്തിൽ ലോകോത്തര കന്പനിയിലേക്കു കാന്പസ് സെലക്ഷൻ,
ബംഗളൂരുവിലും ചൈനയിലുമായി ഹുവാവേയിൽ മൂന്നു വർഷം ലക്ഷങ്ങൾ ശന്പളമുള്ള ജോലി, ജർമനിയിലെ ബോണ്‍ യൂണിവേഴ്സിറ്റിയിൽ എംഎസ് (എംടെക്) പഠനം,
ശേഷം അവിടെ ലക്ഷങ്ങൾ ശന്പളമുള്ള ജോലി. തൊടുപുഴ കദളിക്കാട് മഞ്ഞപ്പിള്ളിൽ ജോർജിന്റെയും ക്രിസ്റ്റ്യാനയുടെയും മകൻ ജോണ്‍സ് ജോർജിനു വൈദികനാകാനുള്ള ആഗ്രഹത്തിനു മേലെയായിരുന്നില്ല അതൊന്നും.
കൊച്ചി രാജഗിരി എൻജിനിയറിംഗ് കോളജിലെ ബിടെക് രണ്ടാമത്തെ ബാച്ചിലെ ഈ മിടുക്കൻ, അന്നു തന്നെ ജീസസ് യൂത്തിലും സജീവമായിരുന്നു.
അവസാന സെമസ്റ്ററിൽ കാന്പസ് സെലക്ഷനെത്തിയ കന്പനികളിൽ ഏറ്റവും ഉയർന്ന ശന്പളത്തോടെ തെരഞ്ഞെടുത്തതും ജോണ്‍സിനെ. ഹുവാവേയിൽ രണ്ടു വർഷം, ബംഗളൂരുവിലും ഒരു വർഷം, ചൈനയിലും ജോലി.
2009 ൽ ബോണ്‍ യൂണിവഴ്സിറ്റിയിൽ എംഎസിനു ചേർന്നു. കോഴ്സ് ഒരു വർഷം പിന്നിട്ടപ്പോഴേക്കും രണ്ടാം വർഷത്തെ സബ്ജക്ടുകളും പഠിച്ചുതീർത്തതിനാൽ ഫ്രോണ്‍ഹോഫർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസി. റിസർച്ചറായി.
പ്രതിമാസം 2500 യൂറോ (ഏകദേശം രണ്ടു ലക്ഷം രൂപ) പ്രതിഫലം. ജർമൻ മിലിട്ടറിക്കായി സാങ്കേതിക സംവിധാനങ്ങൾ രൂപപ്പെടുത്തുന്ന റിസർച്ച് സെന്ററാണു ഫ്രോണ്‍ഹോഫർ. എംഎസിനു ശേഷം അന്നു നാലു ലക്ഷത്തോളം പ്രതിഫലമുള്ള റിസർച്ചറായി അവിടെ നിയോഗിക്കപ്പെട്ടെങ്കിലും ദൈവവിളിയാണു മുഖ്യമെന്നു തിരിച്ചറിഞ്ഞു മടക്കം.
ബംഗളൂരു ജീവിതത്തിനിടയിലുണ്ടായ ഒരു ദിവ്യബലി അനുഭവമാണ് തന്റെ ദൈവവിളിയിലേക്ക് ആദ്യ വെളിച്ചമായതെന്നു ഡീക്കൻ ജോണ്‍സ്. 2010 ലെ പുതുവത്സര ദിനത്തിൽ ഞാൻ ദൈവത്തിനു വാക്കു കൊടുത്തു.
ദൈവഹിതപ്രകാരം വലിയ സന്തോഷത്തോടെയാണു ഞാൻ പുരോഹിതവഴികളിലേക്കു ചുവടുവച്ചതെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കൾക്കൊപ്പം സഹോദരങ്ങളായ സിസ്റ്റർ ജിൻസി മരിയ എസ്ഡി, മെജോ എന്നിവരും ജോണ്‍സ് അഭിഷിക്തനായതിലെ ആഹ്ലാദത്തിലാണ്.
2012 ൽ സലേഷ്യൻ സന്യാസസമൂഹത്തിന്റെ ദിമാപൂർ പ്രോവിൻസിലായിരുന്നു വൈദിക പരിശീലനം. ആസാം, നാഗാലാൻഡ്, ആലുവ, മണിപ്പൂർ, എന്നിവിടങ്ങളിൽ പരീശീലനം പൂർത്തിയാക്കി.
കദളിക്കാട് വിമലമാതാ പള്ളിയിൽ ഇന്നലെ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിൽ നിന്നാണു ഡീക്കൻ ജോണ്‍സ് ജോർജ് മഞ്ഞപ്പിള്ളിൽ പൗരോഹിത്യം സ്വീകരിച്ചത്. ഇനി പ്രേഷിതതീക്ഷ്ണതയുടെ അഗ്നിയുമായി പുറപ്പെടുന്നതു മണിപ്പൂരിലെ ഗ്രാമങ്ങളിലേക്ക്.