തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ “ഉംപുൻ’ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടും. ഇപ്പോൾത്തന്നെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ മാറിയ ഉംപുൻ വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 89 കിലോമീറ്റർ മുതൽ 117 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചാരം തുടരുകയാണ്.
അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും പിന്നീട് ദിശയിൽ വ്യതിയാനം സംഭവിച്ച് ബുധനാഴ്ചയോടെ ഉച്ചയോടെ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തേക്ക് എത്തുമെന്നുമാണ് നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല. അതേസമയം ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.
24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഈ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റിയും അറിയിച്ചു.
ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലകളിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ക്യാന്പുകൾ തയ്യാറാക്കി കഴിഞ്ഞു.
ചുഴലിക്കാറ്റ് തീരം തൊടുന്ന പശ്ചിമബംഗാളിലെ മേഖലകളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിത്തു. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും കനത്ത മഴയും കാറ്റുമുണ്ടാകും.